ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, യുവാക്കളുടെ ആവശ്യപ്രകാരം ഗാനമേളയ്ക്കായി ഒരുക്കിയ സ്ക്രീനിൽ ഇന്ത്യ-വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരം തത്സമയം കാണിച്ച് ക്ഷേത്രഭാരവാഹികൾ. വെഞ്ഞാറമ്മൂട് കാവറ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
തിരുവനന്തപുരം: ഇന്ത്യയുടെ ബാറ്റിങ് അവസാന ഘട്ടത്തിലേക്ക്... ക്രീസിൽ തിരുവനന്തപുരത്തിന്‍റെ സ്വന്തം സഞ്ജു സാംസണിന്‍റെ തകർപ്പൻ പ്രകടനം... ഉത്സവ ആഘോഷത്തിനിടെയിലും നാട്ടുകാർ അവിടവിടെയായിരുന്ന് ഫോണിൽ ക്രിക്കറ്റ് കാണുന്നു. ഇത് ശ്രദ്ധയിൽപെട്ട യുവാക്കൾ ചെയ്ത ഐഡിയ ആണിപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെഞ്ഞാറമ്മൂട് കാവറ ഭഗവതി ക്ഷേത്രത്തിൽ ഉത്സവപരിപാടികൾ നടക്കുന്നിടത്ത് നിന്നുമാണ് കഥയാരംഭിക്കുന്നത്. ഉത്സവത്തിനിടെ യുവാക്കളെല്ലാം ഫോണിലാണെന്നത് ശ്രദ്ധയിൽപെട്ട ചിലർ ക്ഷേത്രക്കമ്മിറ്റിക്കാരെ വിവരം അറിയിക്കുകയും പരിപാടിക്ക് പിന്നാലെ സ്ക്രീനിലേക്ക് ക്രിക്കറ്റ് പ്രദർശിപ്പിക്കുകയുമായിരുന്നു. ഉത്സവത്തിനിടെ കളികണ്ടിരുന്ന യുവാവിന്‍റെ ഫോണിലേക്ക് സ്ക്രീനിന്‍റെ കണക്ഷനും നൽകിയതോടെ എൽഇഡി സ്ക്രീനിലേക്ക് ഇന്ത്യാ -വെസ്റ്റിൻഡീസ് മാച്ച് എത്തി.
പ്രായമായവരും യുവാക്കളും സ്ത്രീകളുമടക്കം ആസ്വദിക്കുമെന്നായതോടെ സൗണ്ടും കണക്‌ട് ചെയ്തു. ഇതോടെ ഉത്സവാവേശം കളിയാവേശത്തിന് വഴിമാറി. സഞ്ജുവിന്‍റെ ഇന്നിങ്സിൽ ഫോറും സിക്സും വീഴുമ്പോൾ കൈയ്യടിയും ആരവവും ഉയർത്തി നാട്ടുകാർ ആവേശത്തിന്‍റെ ഭാഗമായി. മാച്ച് അവസാനിച്ച് 50 പന്തിൽ നിനിം പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു കളമൊഴിയുന്നത് വരെ നാട്ടുകാരുടെ ആവേശം ഉത്സവപ്പറമ്പിൽ അലതല്ലി. ടി-20 ലോകകപ്പിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ ആണ് സഞ്ജു കൊൽക്കത്തയിൽ അടിച്ചെടുത്തതെന്നതും ആരാധകരുടെ ആരവങ്ങൾക്ക് ഊർജമേകി. നാട്ടുകാരുടെ ആവശ്യം മനസിലാക്കിയ തങ്ങൾ ഗാനമേളയ്ക്കായി സജീകരിച്ച സ്ക്രീൻ ക്രിക്കറ്റ് ആസ്വദിക്കാൻ അനുവദിക്കുകയായിരുന്നൊംം പൂർണ പിന്തുണയോടെയാണ് സ്റ്റേജിലെ സ്ക്രീനിൽ ക്രിക്കറ്റ് പ്രദർശിപ്പിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.


