
തൃശൂര്‍: തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ. തദ്ദേശ തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടാണ് കള്ള് ഷാപ്പുകൾ അടക്കമുള്ള മദ്യ ശാലകൾ തുടർച്ചയായി അഞ്ച് ദിവസം അടച്ചിടുന്നത്. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യ വിൽപന പാടില്ലെന്നാണ് ചട്ടം വിശദമാക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഏഴാം തിയതി വൈകുന്നേരം മുതൽ ഡ്രൈഡേ നിയന്ത്രണം നിലവിൽ വരും. എറണാകുളം ജില്ലാ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള തൃശൂർ ജില്ലയിലെ കള്ളുഷാപ്പുകൾക്കും ബാറുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. രണ്ടാം ഘട്ടത്തിൽ 11ാം തിയതിയാണ് തൃശൂർ ജില്ലയിലെ വോട്ടെടുപ്പ്. അന്ന് ജില്ലാ അതിർത്തിയിലെ അഞ്ച് കിലോമീറ്റർ പരിധിയിലെ കള്ളുഷാപ്പുകളും ബാറുകളും അടയ്ക്കണം. വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ നിയന്ത്രണം ബാധകമാവുന്നത്.