
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാനെ ഇടപ്പളളിയിൽ നിന്നും പിടികൂടി. ഒരു മാസം മുൻപാണ് ജയിലിലേക്ക് കൊണ്ടുപോകും വഴി കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടത്. ജയിൽ ചാടിയ ബാല മുരുകൻ കഴിഞ്ഞ മാസം 23ന് ഇമ്രാനൊപ്പം തെങ്കാശിയിലെത്തി വീട്ടുമയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നിരുന്നു. മോഷണത്തിന് ശേഷം ഇരുവരും രക്ഷപ്പെട്ടു. ഇമ്രാൻ കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി ഡാൻസാഫ് ഇയാൾ ഇടപ്പളളിയിൽ താമസിച്ചിരുന്ന വാടക വീട് വളഞ്ഞ് ഇമ്രാനെ പിടികൂടുകയായിരുന്നു. ഇമ്രാനെ പിടികൂടുമ്പോൾ ബാലമുരുകനും കൂടെയുണ്ടാകുമെന്നായിരുന്നു പൊലീസ് കരുതിയത്. ഇമ്രാനെ പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറി.
ഇമ്രാന്റെ ഫോണിൽ നിന്നാണ് ഇരുവരും തമ്മിലുളള സംഭാഷണങ്ങളും ലൈവ് ചാറ്റും ലൊക്കേഷനും ലഭ്യമായത്. ഈ വിവരങ്ങൾ കൊച്ചി സിറ്റി ഡാൻസാഫ് തമിഴ്നാട് പൊലീസിന് കൈമാറി. അങ്ങനെയാണ് ബാലമുരുകൻ തെങ്കാശിയിൽ തന്നെയാണുളളതെന്ന് ഉറപ്പിച്ചത്. ബാലമുരുകനൊപ്പം ജയിലിൽ ഒന്നിച്ച് കഴിഞ്ഞിട്ടുളളയാളാണ് മലപ്പുറം സ്വദേശിയായ ഇമ്രാൻ. ബാലമുരുകൻ വീണ്ടും ജയിലെത്തുന്നതിന് മുൻപ് ഇമ്രാൻ ജയിൽ മോചിതനായിരുന്നു. നിരവധി മോഷണ കേസിൽ പ്രതിയാണ് ഇമ്രാൻ.
കൊച്ചിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് തിരച്ചിൽ വ്യാപകമാക്കുകയും ബാലമുരുകൻ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. തെങ്കാശിയിലെ കടയത്ത് മലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാൾ പരിക്കേൽക്കുകയും ചെയ്തു. പൊലീസ് അടുത്തെത്തിയതോടെ ബാലമുരുകന്‍ പാറയുടെ മുകളില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.