
മലപ്പുറം: മലപ്പുറം നഗരസഭ 13 -ാം വാർഡ് കാളമ്പാടിയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ജംഷീന ഉരുണിയൻപറമ്പിൽ. എന്നാൽ ഈ സ്ഥാനാർഥിക്കൊരു പ്രത്യേകതയുണ്ട്. കേരള ഫുട്ബാൾ ടീമിന്റെ പ്രതിരോധ താരമാണ് ജംഷീന. ഇത്തവണ ജംഷീന ഗ്രൗണ്ടൊന്ന് മാറ്റിപ്പിടിക്കുകയാണ്. തെരഞ്ഞെടുപ്പ് കളത്തില്‍ ഗോളടിച്ച് വിജയക്കൊടി പാറിക്കുകയാണ് ലക്ഷ്യം.
നിരവധി മത്സരങ്ങൾക്ക് ബൂട്ടണിഞ്ഞ ജംഷീനക്ക് പക്ഷേ തെരഞ്ഞെടുപ്പ് പോരാട്ടം ഇതാദ്യം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പഞ്ചായത്ത് ഫുട്ബോൾ ടീമിൽ അംഗമാകുന്നത്. പ്ലസ് ടു പഠനത്തിനുശേഷം സ്പോർട്സ് കൗൺസിൽ സെലക്ഷൻ കിട്ടി. അഞ്ച് വർഷം എംജി സർവകലാശാലാ ടീമിലും അംഗമായിരുന്നു. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് വേണ്ടി ബൂട്ടണിഞ്ഞു.
2016ൽ കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ വനിതാ താരം ടോബിൻ ഹീത്താണ് ഇഷ്ടതാരം. തിരുവല്ല മാർത്തോമ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി സിദ്ദിഖ് - ജമീല ദമ്പതികളുടെ മകളായ ജംഷീന രണ്ട് വർഷംമുമ്പാണ് വിവാഹംകഴിച്ച് മലപ്പുറത്ത് എത്തിയത്. സ്വകാര്യകമ്പനിയിൽ അക്കൗണ്ടന്റായ ഷെമീൻ സാദ് ആണ് ഭർത്താവ്. ഭർതൃപിതാവ് മജീദ് ഉരുണിയൻപറമ്പിൽ മുൻ നഗരസഭാ അംഗമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam