
കൊച്ചി: വാഹന യാത്രക്കാർക്ക് മരണക്കുരുക്കായി എറണാകുളത്തെ നടുവട്ടം - യൂക്കാലി റോഡ്. സ്ഥിരം അപകട കേന്ദ്രമായ ഇവിടെ രണ്ട് വർഷത്തിനിടെ നൂറിലധികം അപകടങ്ങളാണ് ഉണ്ടായത്. അതിൽ തന്നെ നാല് ജീവനുകൾ നഷ്ടപ്പെട്ടു. യാത്രക്കാർക്ക് മരണക്കെണിയൊരുക്കുന്ന റോഡിന്റെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
കൊടും വളവാണ് ഇവിടെ അപകടത്തിന് കാരണമാകുന്നത്. എതിരെ വരുന്ന വണ്ടികൾ തമ്മിൽ കൂട്ടിമുട്ടുന്നതാണ് പതിവ് കാഴ്ച. കാടിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന യുവാക്കളും കുടുംബങ്ങളുമാണ് മിക്കപ്പോഴും അപകടത്തിന് ഇരകളാവുന്നത്. ബൈക്കുകളും ഓട്ടോറിക്ഷകളുമാണ് ഇവിടെ പതിവായി അപകടത്തിൽ പെടുന്നതെന്ന് പ്രദേശവാസിയായ അഖിൽ പറയുന്നു.
അപകടങ്ങൾ പതിവായതോടെ, ഈ വളവിൽ വഴിയാത്രക്കാർക്ക് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കും വിധം നടപടിയെടുത്തു. റോഡിലെ കാഴ്ച മറച്ച വഴിയോരത്തെ മരച്ചില്ലകൾ വെട്ടിനീക്കി. ഇവിടെ സൂചനാ ബോർഡുകളും സ്ഥാപിച്ചു. എന്നിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. ജനവാസ മേഖലയിൽ നിന്ന് അകലെ ആയതിനാൽ രക്ഷാ പ്രവർത്തനവും വൈകുന്ന നിലയാണ്.
വനം വകുപ്പിൽ നിന്ന് ഭൂമി ഏറ്റെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അപകടത്തിന് കാരണമാകുന്ന വളവ് നികത്തണമെന്നും അതിലൂടെ മാത്രമേ അപകടങ്ങൾ ഒഴിവാക്കാനാവൂ എന്നുമാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടുനൽകുന്നില്ലെന്നും ചില മരച്ചില്ലകൾ വെട്ടാൻ മാത്രമാണ് അനുമതി നൽകിയതെന്നും വാർഡ് മെമ്പർ ബിജു പറഞ്ഞു. റോഡിന്റെ അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് പിഡബ്ലുഡിയും കണ്ടെത്തിയിട്ടുണ്ട്. റോഡ് നിർമ്മിച്ച ദേശീയപാത അതോറിറ്റിക്ക് പരിഹാരമാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam