P Prasad : മന്ത്രിയുടെ ഇടപെടലില്‍ മിഥിന് പുനര്‍ജന്മം; നന്ദിയറിയിക്കാന്‍ പലഹാരവുമായി എത്തി

By Web TeamFirst Published Nov 30, 2021, 1:25 PM IST
Highlights

മിഥിന്‍ മുരളീധരനാണ് മരണത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കാരണക്കാരനായ കൃഷിമന്ത്രി പി പ്രസാദിനെ കാണാന്‍ കഴിഞ്ഞ ദിവസം ഹരിപ്പാട് എത്തിയത്.

ഹരിപ്പാട്: പുനര്‍ജന്മത്തിന് കാരണക്കാരനായ  മന്ത്രിയെ കാണാന്‍ മധുരപലഹാരവുമായി മിഥിന്‍ (Midhin) എത്തി. കുമാരപുരം ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരനായ എരിക്കാവ്  മിന്നാരം വീട്ടില്‍ മുരളീധരന്റെയും മിനിയുടെയും മകനായ മിഥിന്‍ മുരളീധരന്‍ (29) ആണ് മരണത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കാരണക്കാരനായ കൃഷിമന്ത്രി പി പ്രസാദിനെ (Minister P Prasad) കാണാന്‍ കഴിഞ്ഞ ദിവസം ഹരിപ്പാട് എത്തിയത്. കൊവിഡ് ബാധിതന്‍ ആയിരിക്കെ സെപ്റ്റംബര്‍ 30 ന് രാത്രിയില്‍ മിഥിന്  ശാരീരിക അവശതകള്‍ കൂടുകയും അപസ്മാര  ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്  വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയില്‍ മിഥിന് തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് മെനിഞ്ചൈറ്റിസ് രോഗം മൂര്‍ച്ഛിച്ച് ഇരിക്കുകയാണെന്ന് കണ്ടെത്തി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്. 

അടുത്ത ദിവസം പുലര്‍ച്ചെ ബന്ധുക്കള്‍ മിഥിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ മാറ്റം ഒന്നുമില്ലെന്നും പൂര്‍ണ്ണമായും ഓര്‍മ്മ നഷ്ടപ്പെട്ടുവെന്നും തലച്ചോറിലെ അണുബാധ പൂര്‍ണമായി എന്നുമാണ്  ആശുപത്രി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കുമാരപുരം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ മന്ത്രി പി പ്രസാദിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മന്ത്രി പത്തനംതിട്ടയിലെ പരിപാടികള്‍ റദ്ദാക്കി അടിയന്തരമായി ആശുപത്രിയില്‍ എത്തി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവുമായി ചര്‍ച്ചനടത്തുകയും ചികിത്സാരീതിയില്‍ മാറ്റം വരുത്തി. അടുത്ത ദിവസം തന്നെ മിഥിനില്‍  വലിയ മാറ്റങ്ങളാണ് ഉണ്ടായത്. മന്ത്രി എല്ലാദിവസവും ആശുപത്രി അധികൃതരുമായി  ബന്ധപ്പെടുകയും വേണ്ട  സഹായങ്ങളും ചെയ്തു. 

രണ്ടാഴ്ചയോളം ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന മിഥിന്‍ രോഗവിമുക്തനായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞദിവസം സിപിഐ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തിയപ്പോഴാണ് മധുര പലഹാരങ്ങളുമായി മിഥിനും  മാതാവ് മിനിയും ഡിവൈഎഫ്‌ഐ ജില്ലാ ജോ. സെക്രട്ടറിയും കുമാരപുരം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എസ് സുരേഷ് കുമാറിനും നഗരസഭാ കൗണ്‍സിലര്‍ അനസ് നസീമിനോടൊപ്പം എത്തിയത്.
 

click me!