
മൂന്നാർ: ചിന്നക്കനാൽ പഞ്ചായത്ത് പിടിച്ചെടുക്കാൻ എൽഡിഎഫ് നീക്കം. ഇന്ന് ദേവികുളം ബ്ലോക്ക് ഓഫീസിൽ അവിശ്വാസ പ്രമേയം നൽകും. മൂന്നാർ പഞ്ചായത്തിന് പിന്നാലെ ചിന്നക്കനാൽ പഞ്ചായത്തും പിടിച്ചെടുക്കാൻ ആണ് എൽഡിഎഫ് നീക്കം എന്നാണ് വിലയിരുത്തൽ. എൽഡിഎഫിന് 7, യുഡിഎഫിന് 6 എന്ന നിലയിൽ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് വേളയിൽ ഭരണം പിടിച്ചെടുക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല.
പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ചയാൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വന്നതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞതോടെ എൽഡിഎഫിന് ഭരണം പിടിച്ചെടുക്കാൻ കളമൊരുങ്ങുകയായിരുന്നു. സിപിഐ പ്രതിനിധികളായ പി പളനിവേൽ, ജിഎൻ ഗുരുനാഥൻ, യേശുദാസ്, അന്തോണിരാജ് എന്നിവരും സിപിഎമ്മിൻ്റ നേതാക്കളായ വിഎച്ച് ആൽബിൻ, സുനിൽ കുമാർ, സേനാപതി ശശി, പിജെ ഷൈൻ എന്നിവരും അവിശ്വാസ പ്രമേയം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തി. ഇന്ന് രാവിലെ എൽഡിഎഫ് അംഗങ്ങൾ നേതാക്കൾക്കൊപ്പമെത്തി ദേവികുളം ബിഡിഒയ്ക്ക് മുബാകെ അവിശ്വസ പ്രമേയം നൽകും.
മൂന്നാർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് പ്രമേയം നൽകിയത്. ഇതിന് പിന്നാലെ മൂന്നാറിലെ ഇടഞ്ഞു നിൽക്കുന്ന പഞ്ചായത്ത് അംഗങ്ങൾ തമ്മിലുള്ള പടലപിണക്കം ഒഴിവാക്കാൻ യുഡിഎഫ് യോഗം ചേർന്നു. എ കെ മണിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. യൂണിയൻ്റ സൊസൈറ്റി കെട്ടിടത്തിൽ പതിനൊന്ന് അംഗങ്ങളെ വിളിച്ചുവരുത്തിയാണ് നേതാക്കൾ യോഗം കൂടിയത്.
കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് അംഗങ്ങൾ സിപിഐ മണ്ഡലം സെക്രട്ടി പി പളനിവേൽ, സിപിഎം ഏരിയ സെക്രട്ടറി കെകെ വിജയൻ എന്നിവർക്കൊപ്പമെത്തി ദേവികുളം ബിഡിഒയ്ക്ക് മുബാകെ അവിശ്വാസ പ്രമേയം നൽകിയത്. പഞ്ചായത്ത് പ്രസിഡൻ്റ് മണിമൊഴി വൈസ് പ്രസിഡൻ്റ് മാർഷ് പീറ്റർ എന്നിവർക്കെതിരെയാണ് പ്രമേയം നൽകിയത്. മോശം പ്രവർത്തനമായിരുന്നു പ്രസിഡൻ്റിനെതിരെയുള്ള പരാതിയെങ്കിൽ വൈസ് പ്രസിഡൻ്റ് പഞ്ചായത്ത് ഓഫീസ് പാർട്ടി ഓഫീസ് ആക്കുകയാണെന്നും മദ്യപാനമടക്കം ഓഫീസിൽ നടക്കുകയാണെന്നും ആരോപിച്ചായിരുന്നു പരാതി.
സംഭവത്തിൽ ഇടഞ്ഞുനിന്ന അംഗങ്ങളെ ഒരുമിച്ച് കുട്ടത്തിൽ നിർത്തുന്നതിനാണ് എകെ മണിയുടെ നേതൃത്വത്തിൽ നേതാക്കളുടെ സാനിധ്യത്തിൽ യുഡിഎഫിലെ പതിനൊന്ന് പഞ്ചായത്ത് അംഗങ്ങളെ വിളിച്ചുവരുത്തി യോഗം കൂടിയത്. യോഗത്തിൽ അംഗങ്ങളിൽ ചിലർ എതിർ അഭിപ്രായങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam