കാനയില്ലാതെ റോഡ് ഉയരംകൂട്ടി നിർമിച്ചു; മഴക്കാലത്ത് വീടുകൾ വെള്ളത്തിലാകുമെന്ന ആശങ്കയിൽ നാട്ടുകാർ

By Web TeamFirst Published Jul 2, 2020, 8:23 PM IST
Highlights

കാനയില്ലാത്തതു മൂലം റോഡിന്റെ ഇരുവശവുമുള്ള താഴ്ചയുള്ള വീടുകളാണ് വെള്ളത്തിലാകാൻ ഇടയുളളത്. മഴക്കാലമായാൽ വീട്ടിലേയ്ക്ക് നീന്തിക്കയറേണ്ടി വരുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. 

പുന്നപ്ര: കാനയില്ലാതെ റോഡ് ഉയരംകൂട്ടി നിർമിച്ചത് മൂലം മഴക്കാലത്ത് വീടുകൾ വെള്ളത്തിലാകുമെന്ന ആശങ്കയുമായി പറവൂർ അസംബ്ലി ജങ്ഷന് സമീപമുള്ള വീട്ടുകാർ. നിലവിലുള്ള റോഡ് ഒരടിയോളം ഉയർത്തിയാണ് പുനർനിർമിക്കുന്നത്. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ പല വീടുകളുടെയും മുറ്റത്ത് വെള്ളമായി. ദേശീയപാതയിൽ പറവൂർ വാട്ടർ വർക്സ് ജങ്ഷൻ മുതൽ കോന്നോത്ത് കൈമൂട്ടിൽ വരെയുള്ള 900 മീറ്റർ റോഡിന്റെ നിർമാണം ഏതാനും ദിവസം മുൻപാണ് തുടങ്ങിയത്. 

വാട്ടർ വർക്സ് ജങ്ഷനിൽ തുടങ്ങി കോന്നോത്ത് കൈമൂട്ടിൽ വരെയും, അസംബ്ലി ജങ്ഷന് കിഴക്കുവശത്ത്നിന്ന് വടക്കോട്ട് തിരിഞ്ഞ് പതിനഞ്ചിൽ കടവ് വരെയെത്തുന്ന റിങ് റോഡിന് ആലപ്പുഴ-അമ്പലപ്പുഴ റോഡ് നെറ്റ് വർക്ക് പദ്ധതിയിൽപ്പെടുത്തി 2.20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അസംബ്ലി ജങ്ഷൻ മുതൽ കോന്നോത്ത് വരെയുള്ള ഭാഗത്ത് റോഡിൽ കോൺക്രീറ്റ് തറയോടുകളാണ് പാകുന്നത്. 

കാനയില്ലാത്തതു മൂലം റോഡിന്റെ ഇരുവശവുമുള്ള താഴ്ചയുള്ള വീടുകളാണ് വെള്ളത്തിലാകാൻ ഇടയുളളത്. മഴക്കാലമായാൽ വീട്ടിലേയ്ക്ക് നീന്തിക്കയറേണ്ടി വരുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന് ആവശ്യമായ വീതി ലഭ്യമല്ലാത്തതുമൂലമാണ് കാന നിർമിക്കാൻ സാധിക്കാത്തതെന്ന് ഗ്രാമപ്പഞ്ചായത്തംഗം സജിതാ സതീശൻ പറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ റോഡിന്റെ ഒരുഭാഗം താഴ്ത്തി നിർമിക്കുമെന്നും അവർ പറഞ്ഞു. 

click me!