ജോലിക്കിടെ കെഎസ്ഇബി കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Jul 2, 2020, 5:28 PM IST
Highlights

വൈദ്യുതി നിയന്ത്രിക്കുന്നതിനായി പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള ലിവർ ഉപയോഗിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം പണികൾക്കായി പോസ്റ്റിലേക്ക് കയറുകയായിരുന്നു. 

ഇടുക്കി: രാജാക്കാടിന് സമീപം അടിവാരത്ത് ലൈനിലെ പണികൾ ചെയ്യുന്നതിനിടെ കെഎസ്ഇബി കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു. മുക്കുടി വെട്ടിയാങ്കേൽ രഞ്ജിത്തിനാണ് വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റത്. നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അടിവാരത്തെ കൃഷിയിടത്തിലൂടെ കടന്നുപോകുന്ന ത്രി ഫേസ് ലൈൻ റോഡ് സൈഡിലൂടെ മാറ്റി സ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു രഞ്ജിത്തും, സഹപ്രവർത്തകരും. വൈദ്യുതി നിയന്ത്രിക്കുന്നതിനായി പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള ലിവർ ഉപയോഗിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം പണികൾക്കായി പോസ്റ്റിലേക്ക് കയറുകയായിരുന്നു. 

എന്നാൽ ത്രി ഫേസിലെ ഒരു ലൈനിലെ വൈദ്യുതി ബന്ധം നിലയ്ക്കാതിരുന്നതിനാൽ ഷോക്ക് ഏൽക്കുകയായിരുന്നു. കൈയ്ക്ക് പൊള്ളലേറ്റുവെങ്കിലും സുരക്ഷാ ബെൽറ്റും, ഹെൽമെറ്റും ധരിച്ചരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഉടൻ തന്നെ ഇയാളെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി.

click me!