ലോക്ക് ഡൗണിലെ സൗജന്യ റേഷന്‍ കടത്തി, പൊലീസ് അറിഞ്ഞപ്പോള്‍ കത്തിക്കാന്‍ ശ്രമം; രണ്ടാം പ്രതി പിടിയില്‍

By Web TeamFirst Published Apr 8, 2020, 11:07 PM IST
Highlights

പൂഴ്ത്തിവച്ച അരിയും ഗോതമ്പും കടത്തികൊണ്ടുപോയി കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നത് പൊലീസ് കണ്ടെത്തിയതോടെയാണ് ഇവര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ നല്‍കേണ്ട അരിയും ഗോതമ്പും മണ്ണെണ്ണ ഒഴിച്ച് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. നിലയ്ക്കാമുക്കിലെ റേഷന്‍ കടയില്‍ നിന്ന് പൂഴ്ത്തിവച്ച അരിയും ഗോതമ്പും കടത്തികൊണ്ടുപോയി കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നത് പൊലീസ് കണ്ടെത്തിയതോടെയാണ് ഇവര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. നാട്ടുകാരാണ് ഇവരുടെ കരിഞ്ചന്ത വില്‍പ്പന പൊലീസിനെ അറിയിച്ചത്.

കടയ്ക്കാവൂര്‍ വില്ലേജില്‍ നിലയ്ക്കാമുക്ക് പള്ളിമുക്ക് ഖയാസ് മന്‍സിലില്‍ സലിമിന്റെ മകന്‍ ഖയാസ് (29 വയസ്സ്) ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുധീര്‍ ഒളിവിലാണ്. സുധീറും ഖയാസും ചേര്‍ന്നാണ് ഖയാസിന്റെ സഹോദരിയുടെ പേരിലുള്ള KL-16- E -8262 എന്ന സ്വിഫ്റ്റ് കാറില്‍ നിലയ്ക്കാമുക്കിലെ റേഷന്‍ കടയില്‍ നിന്ന് അരിയും ഗോതമ്പും  കടത്തിക്കൊണ്ട് പോകുന്നത്. 

നാല് ചാക്ക് റേഷന്‍ സാധനങ്ങള്‍ കടത്തി കൊണ്ട് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ അരി കടത്തലിന്റെയും കരിഞ്ചന്തയുടെയും ചുരുളഴിയുന്നത്. കടത്തികൊണ്ട് പോകാന്‍ ഉപയോഗിച്ച വണ്ടിയോട് കൂടിയാണ് രണ്ടാം പ്രതിയെ പൊലീസ് പിടികൂടിയത്. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം രണ്ടാംപ്രതി ഖയാസിന്റെ കുറ്റസമ്മത മൊഴിയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഉടന്‍ മറ്റുുള്ളവരെ അറസ്റ്റ് ചെയ്യും. കായ്ക്കാവൂര്‍ സി.ഐ. ശിവകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കടയ്ക്കാവൂര്‍ എസ്.ഐ. വിനോദ് വിക്രമാദിത്യന്‍ എസ്.ഐ. മാഹീന്‍, ഡീന്‍, ഷിബു , സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

റേഷന്‍ വിതരണം സുതാര്യവും, പൂര്‍ണമായും വെയോമെട്രിക് സംവിധാനം വഴി ആക്കിയിട്ടും വ്യാപകമായി അഴിമതിയും പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടക്കുന്നുണ്ട്. ലോക് ഡൗണ്‍ കാലത്ത് കവലയൂര്‍ നിന്ന്  2 ലക്ഷം രൂപയുടെ പഴകിയ മത്സ്യം പിടികൂടിയ കടയ്ക്കാവൂര്‍ പോലീസ് തൊട്ടടുത്ത ദിവസമാണ് റേഷനരി കടത്ത് പിടിക്കുന്നതും പ്രതിയെ പിടികൂടുന്നതും. പഴകിയ മീന്‍ പിടിച്ച സംഭവം കേരളത്തിലുടനീളം ചര്‍ച്ച വിഷയമാകുകയും ഈ ആഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകളും പിടിച്ചെടുക്കലുകളും നടക്കുകയും ചെയ്തിരുന്നു. 

click me!