കൊല്ലത്ത് എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. അന്തർ-സംസ്ഥാന ബസ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 17.365 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്. 

കൊല്ലം: സ്പെഷ്യൽ ഡ്രൈവറിന്‍റെ ഭാഗമായി കൊല്ലം എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കൊല്ലം ബീച്ച് പരിസരത്ത് വച്ച് എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. ​കൊല്ലം മാങ്ങാട് സ്വദേശി അരുൺ രാജ് (29 വയസ്) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 17.365 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു.

പ്രതി വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്റ്റർ പി ശങ്കർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിനുലാൽ, പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജ്യോതി ടി ആർ, ഷഹാലുദ്ധീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ആസിഫ്, സാലിം, ഗോകുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

കെഎസ്ആർടിസി ബസിലെ യാത്രക്കാരിൽ നിന്ന് കഞ്ചാവ് പിടികൂടി

അതിനിടെ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 3.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബീഹാർ സ്വദേശികൾ അറസ്റ്റിൽ. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ​ബ്രിജേഷ് റാം (36 വയസ്), ​അരുൺ അലാം (22 വയസ്) എന്നിവരാണ് അറസ്റ്റിലായത്.

​എക്സൈസ് ഇൻസ്പെക്ടർ എൻ പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബി ജെ ശ്രീജി, രാജേഷ് കുമാർ, പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സന്തോഷ്, ബിനു, സതീഷ്, സിവിൽ എക്സൈസ് ഓഫീസർ പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.