
ഇടുക്കി: തോട്ടം മേഖലയിലെ ഇളവുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് പോലും ധരിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. ഇത് കാണ്ടില്ലെന്ന് നടിക്കുകായണ് അധികൃതരും. ലോക്ക് ഡൗണില്‍ നല്‍കിയിരുക്കുന്ന ഇളവുകള്‍ വിനയാകുമോ എന്ന ആശങ്കയിലാണ് തോട്ടം മേഖല. കോവിഡിനെ പ്രതിരോധിച്ചു നിന്നതില്‍ ഒരു പരിധിവരെ വിജയിച്ച മേഖലയായിരുന്നു തോട്ടം മേഖലയായ മൂന്നാറും എസ്റ്റേറ്റുകളും. എന്നാല്‍ ഈ ഇളവുകള്‍ തിരിച്ചടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കര്‍ശനമായി സുരക്ഷാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചു വന്നിരുന്ന പോലീസും ബന്ധപ്പെട്ട വകുപ്പുകളും അയഞ്ഞ സമീപനം സ്വീകരിച്ചതോടെ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ പോലും തയ്യാറാകാതെയാണ് ജനങ്ങള്‍ നിരത്തിലൂടെ നീങ്ങുന്നത്.
മാസ്‌ക് ധരിക്കാതെ പൊതുയിടങ്ങളില്‍ എത്തുന്നവര്‍ക്ക് പിഴ ചുമത്തണമെന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പൊലീസിന് തിടുക്കവുമില്ല. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങളും പരക്കെ അവഗണിക്കപ്പെടുകയാണ്. സാധാരണ നിലയിലേക്ക് നീങ്ങിയതോടെ മൂന്നാര്‍ ടൗണില്‍ സാമൂഹ്യ അകലവും പരക്കെ ലംഘിക്കപ്പെടുകയാണ്. കടകള്‍ക്കു മുന്നിലും മറ്റു സ്ഥലങ്ങളിലുമെല്ലാം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
ഗതാഗത നിര്‍ദേശങ്ങളും വ്യാപകമായി അവഗണിക്കപ്പെടുകയാണ്. ഒരു ഓട്ടോയില്‍ പരമാവധി രണ്ടുപേരെ മാത്രം കയറ്റി സവാരി നടത്താമെന്ന നിര്‍ദേശം മറികടന്ന് അഞ്ചും ആറും പേരെ കുത്തിനിറച്ചാണ് ഓട്ടോകള്‍ ഓടുന്നത്. തമിഴ്നാട്ടില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് എത്തിയ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നത് ആശങ്കയുണര്‍ത്തുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam