
മലപ്പുറം: കാപ്പ നിയമ പ്രകാരം നാടുകടത്തി കരുതല്‍ തടങ്കലിലാക്കിയ പ്രതി ജാമ്യത്തിലിറങ്ങി രാസലഹരിയുമായി എക്‌സൈസ് സംഘത്തിന്‍റെ പിടിയില്‍. തിരൂരങ്ങാടി കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി കെ ഉബൈദാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നുഹ് മാന്‍ ജങ്ഷനിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് മാരക രാസ ലഹരി വസ്തുവായ 3.562 ഗ്രാം മെത്താം ഫെറ്റാമിനുമായാണ് ഉബൈദിനെ പിടികൂടിയത്.
പരപ്പനങ്ങാടി എക്‌സൈസ് ഓഫിസിലും കരിപ്പൂര്‍ പൊലിസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ പ്രതിയായ ഉബൈദിനെ നേരത്തേ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കിയിരുന്നു. ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും മയക്കുമരുന്ന് വില്‍പനയില്‍ സജീവമാകുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി തുടര്‍ നടപടികള്‍ ആരംഭിച്ചത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി. പ്രകാശ്, പി. പ്രശാന്ത്, പ്രിവന്റിവ് ഓഫിസര്‍ എന്‍. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.ടി. ഹരീഷ് ബാബു, പി. ഷബീര്‍ അലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.