'ഒരു തുണ്ട് ഭൂമിക്കായി കൂടെ നിന്ന നേതാവ്'; 'ഉമ്മൻചാണ്ടി' കോളനിയിൽ വോട്ടു ചോദിച്ചെത്തി മകൻ ചാണ്ടി ഉമ്മൻ

Published : Apr 20, 2024, 01:50 PM IST
'ഒരു തുണ്ട് ഭൂമിക്കായി കൂടെ നിന്ന നേതാവ്'; 'ഉമ്മൻചാണ്ടി' കോളനിയിൽ വോട്ടു ചോദിച്ചെത്തി മകൻ ചാണ്ടി ഉമ്മൻ

Synopsis

1974 ലാണ് കോളനിക്ക്  ഉമ്മൻ ചാണ്ടി കോളനി എന്ന പേരിട്ടത്. ഇപ്പോൾ ഇവിടെ 95 കുടുംബങ്ങളാണുള്ളത്. ഉമ്മൻചാണ്ടി മരിച്ചപ്പോൾ തങ്ങളുടെ കുടുംബാംഗം മരിക്കുമ്പോൾ ചെയ്യുന്ന ആചാരങ്ങളൊക്കെ ഇവർ അനുഷ്ടിച്ചിരുന്നു.

കോട്ടയം:  അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുളള ആദിവാസി കോളനിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ടു ചോദിച്ച് മകൻ ചാണ്ടി ഉമ്മനെത്തി. ഇടുക്കി കഞ്ഞിക്കുഴിക്കടുത്തുള്ള മഴുവടി ഉമ്മൻചാണ്ടി കോളനിയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥിയായ ഡീൻ കുര്യാക്കോസിനായി വോട്ടഭ്യർത്ഥിച്ച് ചാണ്ടി ഉമ്മനെത്തിയത്.

മന്നാൻ വിഭാഗത്തിൽ പെട്ട ആദിവാസികളാണ് ഉമ്മൻ ചാണ്ടി കോളനിയിലുള്ളത്. 1970 ൽ ഇവിടുത്തെ ആദിവാസി സമൂഹം ഭൂമിക്കായി സമരം നടത്തി. അന്നത്തെ പ്രദേശിക കോൺഗ്രസ് നേതാവായിരുന്ന കരിമ്പൻ ജോസ് പ്രശ്നം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉമ്മൻചാണ്ടിയെ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് 39 കുടുംബങ്ങൾക്ക് അന്ന് ഭൂമി അനുവദിച്ചു. അന്നുമുതൽ തുടങ്ങിയതാണ് ഇവർക്ക് ഉമ്മൻചാണ്ടിയുമായുള്ള ആത്മബന്ധം. 

1974 ലാണ് കോളനിക്ക്  ഉമ്മൻ ചാണ്ടി കോളനി എന്ന പേരിട്ടത്. ഇപ്പോൾ ഇവിടെ 95 കുടുംബങ്ങളാണുള്ളത്. ഉമ്മൻചാണ്ടി മരിച്ചപ്പോൾ തങ്ങളുടെ കുടുംബാംഗം മരിക്കുമ്പോൾ ചെയ്യുന്ന ആചാരങ്ങളൊക്കെ ഇവർ അനുഷ്ടിച്ചിരുന്നു. ഇതൊക്കെയാണ് ചാണ്ടി ഉമ്മനെ എത്തിച്ച് വോട്ടു ചോദിക്കാൻ യുഡിഎഫ് നേതാക്കളെ പ്രേരിപ്പിച്ചത്. ആദിവാസി ഈരിലെത്തിയ ചാണ്ടി ഉമ്മൻ എല്ലാവരെയും നേരിട്ട് കണ്ട് സംസാരിച്ച് വോട്ട് അഭ്യർത്ഥിച്ചു. ചടങ്ങിനെത്തിയ എല്ലാവരോടും കുശലം പറയുകയും ചെയ്തു

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമദിനാചരണത്തിന് കുടിയിലുളളവരെ ചാണ്ടി ഉമ്മൻ ക്ഷണിക്കുകയും ചെയ്തു.  ഉമ്മൻചാണ്ടിയുടെ ഓർമ്മക്കായി ആദിവാസികൾക്ക് വേണ്ടി ഇവിടെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള ആലോചനയിലാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബം.

Read More : സുഗന്ധഗിരി മരംമുറി: ആദ്യം വിശദീകരണം ചോദിക്കൽ, റദ്ദാക്കി സസ്പെൻഷൻ; ഡിഎഫ്ഒയ്ക്കെതിരായ നടപടി സംശയ നിഴലിൽ

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്