Asianet News MalayalamAsianet News Malayalam

സുഗന്ധഗിരി മരംമുറി: ആദ്യം വിശദീകരണം ചോദിക്കൽ, റദ്ദാക്കി സസ്പെൻഷൻ; ഡിഎഫ്ഒയ്ക്കെതിരായ നടപടി സംശയ നിഴലിൽ

വിശദീകരണം നൽകാനുള്ള സാവകാശം പോലും നൽകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്നാണ് വിമർശനം. ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്യാൻ ചിലർ ഗൂഢാലോചന നടത്തിയെന്ന വിമർശനം വനംവകുപ്പിനകത്തും ഉയരുന്നുണ്ട്.

Sugandhagiri tree felling case  Allegations of political interference in wayanad dfo suspension
Author
First Published Apr 20, 2024, 11:14 AM IST

കൽപ്പറ്റ: സുഗന്ധഗിരി മരംമുറിയിൽ സൌത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ. ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകൾക്കം റദ്ദാക്കി സസ്പെൻഡ് ചെയ്തതിലാണ് അടിമുടി ദുരൂഹത. ചട്ടങ്ങൾ പാലിക്കാതെയുള്ള സസ്പെൻഷന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നാണ് വനംവകുപ്പിനുള്ളിലെ വിമർശനം. ബുധനാഴ്ച പുലർച്ചെ 12.19നാണ് സൌത്ത് വയനാട് ഡിഎഫ്ഒ എ. സജ്നയോട് സുഗന്ധഗിരി മരംമുറിയിൽ വിശദീകരണം തേടിയുള്ള കത്ത് തയ്യാറാക്കിയത്. 

വനംവിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ അടിസ്ഥാമാക്കിയായിരുന്നു നടപടി. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസ് നൽകിയത്. മരംമുറിക്കേസിന്‍റെ മേൽനോട്ടത്തിൽ വീഴ്ചയും ജാഗ്രതക്കുറവുമുണ്ടായി എന്നായിരുന്നു കോട്ടയം ഐ ആന്‍റ് ഇ സിഎഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ. എന്നാൽ വിശദീകരണം നൽകും മുമ്പ്, വൈകീട്ട് 3:54ന് നോട്ടീസ് റദ്ദാക്കി.

 അർധരാത്രിയോടെ വനംവകുപ്പ് ഡിഎഫ്ഒ ഉൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. വിശദീകരണം നൽകാനുള്ള സാവകാശം പോലും നൽകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്നാണ് വിമർശനം. ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്യാൻ ചിലർ ഗൂഢാലോചന നടത്തിയെന്ന വിമർശനം വനംവകുപ്പിനകത്തും ഉയരുന്നുണ്ട്. ട്രിബ്യൂണലിനെയോ കോടതിയെയോ സമീപിച്ചാൽ തിരിച്ചെടിയുണ്ടാകുമെന്ന് സിപിഎം നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ സസ്പെൻഷൻ സർക്കാർ മരവിപ്പിച്ചു.

മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് കണ്ടു കെട്ടിയ കോടികൾ വിലമതിക്കുന്ന മരം ലേലം ചെയ്ത് തുക സർക്കാരിലേക്ക് വസൂലാക്കാനുളള നടപടികൾ സൌത്ത് വയനാട് ഡിഎഫ്ഒ തുടങ്ങിയിരുന്നു. കേസ് നടക്കുമ്പോൾ കൽപ്പറ്റ കോടതിയിൽ നേരിട്ടെത്തി സജ്ന നടപടികൾ നിരീക്ഷിക്കുകയും പ്രോസിക്യൂട്ടർമാർക്ക് കേസുമായി ബന്ധപ്പെട്ട സഹായങ്ങൾ ഉറപ്പാക്കാറുമുണ്ടായിരുന്നു. തടികൾ ലേലം ചെയ്യരുതെന്ന പ്രതികളുടെ വാദം തള്ളുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴാണ് സജ്നയെ ധൃതിപ്പെട്ട്, വിശദീകരണം പോലും തേടാതെ സസ്പെൻഡ് ചെയ്തത് എന്നതാണ് ശ്രദ്ധേയം. 

കോടികളുടെ സംരക്ഷിത മരം മുറിച്ചു കടത്തിയ മുട്ടിൽ മരംമുറിക്കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഡിഎഫ്ഒയെ സ്ഥലം മാറ്റിയപ്പോഴാണ്, സുഗന്ധിഗിരി മരംമുറിയിൽ മേൽനോട്ട പിഴവ് ആരോപിച്ച് ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്തത്. വനംമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ചിലരാണ് ഇതിനെല്ലാം പിന്നിലെന്ന വിമർശനവുമുണ്ട്. 

Read More : 'ആദ്യം പണം താ സർക്കാരെ'; എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ, നേരിടുന്നത് വൻ പ്രതിസന്ധി 
Read More : 5 മണിക്കൂർ, അതും കൊടും കാട്ടിലൂടെ! ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ നടന്നത് 18 കി.മി

Follow Us:
Download App:
  • android
  • ios