
പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സംഭവം. വീട്ടുകാർ കിടന്നുറങ്ങുന്ന സമയമായിരുന്നതിനാൽ വൻ അപകടം ഒഴിവായി. തച്ചമ്പാറ മുള്ളത്തുപാറയിൽ കാപ്പുമുഖത്ത് മുഹമ്മദ് റിയാസിന്‍റെ വാടക വീടിലേക്കാണ് ലോറി പാഞ്ഞ് കയറിയത്. ഇടിയുടെ ആഘാതത്തിൽ അടുക്കള പൂർണ്ണമായും തകർന്നു.
കോയമ്പത്തൂരിൽ നിന്നും കോഴിക്കോട്ടേക്ക് കമ്പി ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി വീട്ടിലേക്ക് പാഞ്ഞുകയറുകായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മലപ്പുറം അരീക്കോട് സ്വദേശി ശ്രീജേഷിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽ പെട്ടത്. തച്ചമ്പാറ മുള്ളത്തുപാറയിൽ അപകടത്തിൽ പെട്ടത്.
അതിനിടെ ആലപ്പുഴ ചന്തിരൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി ഇസ്മയിൽ ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി. ചന്തിരൂരിൽ വെച്ച് ലോറി അപകടത്തിൽ പെടുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.