
തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം കാരാളി വളവിൽ പച്ചക്കറി ലോഡുമായി വന്ന ലോറി മറിഞ്ഞ് അപകടം. ലോറി ഡ്രൈവർക്കും സഹായിക്കും നിസ്സാര പരിക്കേറ്റു. കഴിഞ്ഞ ദിവസം അതിരാവിലെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്.
തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരം ചാല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി വരുകയായിരുന്ന ലോറി കാരാളി കൊടുംവളവിൽ വെച്ച് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ധർമപുരി സ്വദേശികളായ ഡ്രൈവർ മോഹൻരാജ് (33), സഹായി സന്തോഷ് (42) എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ മൂന്നോളം കടകളുടെ മുൻവശം പൂർണ്ണമായും തകർന്നു. അപകട സമയത്ത് റോഡിൽ കാൽനടയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു.