
മലപ്പുറം: കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ പതിഞ്ഞത് വ്യാജ നമ്പറുള്ള ലോറി. നാട്ടുകാർ കയ്യോടെ പിടികൂടി. മലപ്പുറത്തെ എടപ്പാള്‍ നടക്കാവിലാണ് സംഭവം.
ദിവസങ്ങളായി സ്വകാര്യ സ്കൂളിന് താഴെയുള്ള സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതോടെ നാട്ടുകാർ ദുരിതത്തിലായി. ചുറ്റുവട്ടങ്ങളിലെ നിരീക്ഷണ കാമറകള്‍ പരിശോധിച്ചപ്പോള്‍ മാലിന്യം തള്ളാനെത്തിയ ഒരു വാഹനത്തിന്റെ ദൃശ്യം ലഭിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്നിലും പിന്നിലും രണ്ട് രജിസ്ട്രേഷൻ നമ്പറുകളാണെന്നും ഇവ വ്യാജമാണെന്നും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ദിവസം മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. എന്നാല്‍ പിന്തുടർന്ന നാട്ടുകാർക്കു നേരെ വാഹനം ഓടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ടു. എന്നാല്‍, നാട്ടുകാർ കുറ്റിപ്പുറത്ത് ഈ വാഹനം കണ്ടെത്തി പൊന്നാനി പൊലീസില്‍ അറിയിച്ചു. തുടർന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
കുറ്റിപ്പുറം അത്താണി ബസാർ സ്വദേശിയുടെ ഉടസ്ഥതയിലുള്ളതാണ് ടാങ്കർ ലോറി. എടപ്പാള്‍, കുമ്പിടി, കുറ്റിപ്പുറം ഭാഗങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam