
തൊടുപുഴ: എഴുപതുകളിലെയും എൺപതുകളിലെയും ഇടുക്കിയുടെ മനോഹര ചിത്രങ്ങൾ മലയാളിയ്ക്ക് മുന്നിൽ എത്തിച്ച ഷാഹുൽ ഹമീദ് ഇന്ന് ജീവിക്കാന്‍ പാടുപെടുകയാണ്. കാഴ്ച മങ്ങിയതോടെയാണ് ഷാഹുൽ ഹമീദിന്‍റെ ജീവിതം പ്രതിസന്ധിയിലായത്. പണി പൂർത്തിയായ ഇടുക്കി ഡാം, ഇന്ദിര ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം. ഇടുക്കിയിൽ നിന്നുള്ള ഈ വാർത്ത ചിത്രങ്ങളെല്ലാം പതിഞ്ഞത് ഷാഹുൽ ഹമീദിന്‍റെ ക്യാമറയിൽ ആയിരുന്നു.
90 കളുടെ പകുതി വരെ പ്രമുഖ മലയാള പത്രങ്ങൾ ഇടുക്കിയിലെ ജീവിതഗന്ധിയായ ചിത്രങ്ങൾക്ക് ആശ്രയിച്ചിരുന്നതും ഷാഹുലിനെയായിരുന്നു. എന്നാൽ ഒന്നര പതിറ്റാണ്ട് മുമ്പാണ് കടുത്ത പ്രമേഹം നിമിത്തം ഡയബറ്റിക് റെറ്റിനോപതിയെന്ന രോഗം ഷാഹുലിനെ പിടികൂടിയത്. കണ്ണിലെ രക്തക്കുഴലുകൾ പൊട്ടി കാഴ്ചയ്ക്കൊപ്പം മൂന്നാംകണ്ണും നഷ്ടമായി. പഴയ ക്യാമറകളുടെ അപൂർവ്വ ശേഖരമായിരുന്നു ഷാഹുലിന്‍റെ കയ്യിൽ ഉണ്ടായിരുന്നത്.
ആശുപത്രിയിൽ ബില്ലടക്കാൻ വഴിയില്ലാതായതോടെ ക്യാമറകളെല്ലാം നിസ്സാര വിലയ്ക്ക് വിറ്റു. വർഷങ്ങളുടെ ചികിത്സയ്ക്കൊടുവിലാണ് ഇടത് കണ്ണിന് നേരിയ കാഴ്ച തിരിച്ച് കിട്ടിയത്.
ഇതോടെ ഫോട്ടോഗ്രാഫി മതിയാക്കി മറ്റ് ജോലികൾ നോക്കിയെങ്കിലും പ്രമേഹം കാലുകളെയും ബാധിച്ചതോടെ മരുന്നിനുള്ള വകപോലും കണ്ടെത്താനാകാത്ത സ്ഥിതിയിലാണ് ഷാഹുലുള്ളത്.
പ്രമേഹ രോഗിയായ ഭാര്യയും ജോലിയ്ക്ക് പോകാനാകാത്ത അവസ്ഥയിലാണ്. ചികിത്സയ്ക്കുള്ള പണത്തിനൊപ്പം മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനൊപ്പം കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂരയും, മകന്‍റെ പഠനം ഉറപ്പാക്കണം ഇത് മാത്രമാണ് ഇടുക്കിയുടെ ഫോട്ടോഗ്രാഫരുടെ ആഗ്രഹം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam