
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍നിന്ന് യുവതിയുടെ കരച്ചിലും ഉറക്കെയുള്ള ശബ്ദവും. കാറിന്റെ നമ്പർ അടക്കം പൊലീസിൽ വിവരം അറിയിച്ച് കാൽനട യാത്രികൻ. ചേറ്റുവ ഭാഗത്തുനിന്നും വാടാനപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന കാറിന്റെ നമ്പര്‍ സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് കാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോവുകയാണെന്ന് നാട്ടുകാരന്‍ വാടാനപ്പള്ളി പൊലീസില്‍ അറിയിച്ചത്. പിന്നാലെ വാഹനം പോകാനിടയുള്ള വഴികളിലെ സ്റ്റേഷനുകളിലേക്കെല്ലാം പൊലീസിന്റെ സന്ദേശം കൈമാറുകയും ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് 2:40ഓടെ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിഞ്ഞനത്തുവച്ച് വാഹനം പൊലീസ് കണ്ടെത്തി തടഞ്ഞുനിര്‍ത്തി. പരിശോധനകള്‍ക്കായി കാര്‍ ഉടന്‍ തന്നെ മതിലകം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രസകരമായ ട്വിസ്റ്റ് വെളിപ്പെട്ടത്. കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളാണെന്ന് വ്യക്തമാവുകയായിരുന്നു. ഗുരുവായൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ദമ്പതികള്‍ യാത്രയ്ക്കിടയില്‍ കാറിനുള്ളില്‍ വച്ച് പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ യുവതി ശബ്ദമുയര്‍ത്തി സംസാരിച്ചതുമാണ് തട്ടിക്കൊണ്ടുപോകലാണെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ദമ്പതികള്‍ പൊലീസിനോട് വ്യക്തമാക്കി. ആദ്യം ലഭിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറില്‍ ചെറിയൊരു പിഴവുണ്ടായിരുന്നിട്ടും ഒട്ടും സമയം കളയാതെ പൊലീസ് നടത്തിയ ഇടപെടലാണ് വാഹനം പെട്ടെന്ന് കണ്ടെത്താന്‍ സഹായിച്ചതും നാട്ടുകാരുടേയും നിയമപാലകരുടേയും ആശങ്കയ്ക്ക് വിരാമമിട്ടതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam