
പെരിന്തൽമണ്ണ: യുവാവിനോടുള്ള കടുത്ത പ്രണയം വിവാഹത്തിലെത്തുമന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഡിഎസ് വിദ്യാർത്ഥിനിയെ സ്നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്. കാമുകൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് യുവതിയെ കണ്ടെത്തിയതോടെയാണ് നേരിട്ട പീഡന കഥകൾ പുറത്തറിയുന്നത്.
ചെറുകര മലറോഡ് സ്വദേശിനി സാബിക്ക (27)യാണ് ദുരഭിമാനത്തെ തുടർന്ന് പിതാവും ബന്ധുക്കളും ചേർന്ന് തയാറാക്കിയ നാടകത്തിൽ കുരുങ്ങി ആശുപത്രിയിൽ തളയ്ക്കപ്പെട്ടത്. ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയച്ചു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തളക്കുകയുമായിരുന്നുവെന്ന് സാബിക്ക പൊലീസിൽ മൊഴി നൽകി.
കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂർ ഹേബിയസ് കോർപ്പിയസ് ഹര്‍ജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളിൽ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു.
ഏഴ് വർഷമായി തൃശൂർ സ്വദേശി ഗഫൂറുമായി പ്രണയത്തിലാണ്. സാമ്പത്തിക ശേഷി ഇല്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാർ എതിർത്തത്. അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നൽകി നവംബർ മൂന്നിന് പിതാവ് ഫോണിൽ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂർ ഹൈക്കോടതിയെ സമീപിച്ചത്. മകൾ തങ്ങളുടെ കൈവശമില്ലെന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയിൽ പിതാവ് നൽകിയത്. ഹൈക്കോടതി രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും ഇതായിരുന്നു നിലപാട്. പൊലീസ് അന്വേഷണത്തിൽ സാബിക്കയെ കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം മാനസിക ചികിത്സാ കേന്ദ്രത്തിലും തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പറഞ്ഞു. നവംബർ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇൻജക്ഷൻ നൽകി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്.
പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നേരത്തെ മാനസിക പ്രശ്‌നങ്ങൾ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. ആശുപത്രിയിൽ കഴിയവെ എടുത്ത ചിത്രങ്ങളിൽ മാനസിക ചികിത്സയെ തുടർന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു.
ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്‌പോയതിനും അന്യായമായി തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ 53 സ്വദേശി ഷഹീൻ എന്നിവർക്കെതിരെ കേസെടുത്തതായി എസ് ഐ മൻജിത്ത് ലാൽ അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഓഫിസർമാരായ കബീർ, ദിനേശൻ, സുനിജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam