
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ വ്യാജ പെയ്മെന്‍റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. ക്യു ആർ കോഡ് വഴി പണം നൽകിയെന്ന് തെറ്റിദ്ധരിപ്പിച്ച് മുങ്ങുന്നതിനിടയിലാണ് സംഘം പിടിയിലായത്. ഹോട്ടലുകൾ, ലോഡ്ജുകൾ, തുണിക്കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കുറേദിവസങ്ങളായി കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ കറങ്ങിയ ക്യു ആർ കോഡ് തട്ടിപ്പ് സംഘമാണ് പൊലീസിന്‍റെ വലയിലായത്. കടകളിൽ സംഘമായി കയറുക, കൗണ്ടറിൽ വ്യാജ പെയ്മെന്‍റ് ആപ് ഉപയോഗിച്ച് പണം നൽകിയെന്ന് കാണിച്ച് മുങ്ങുക. ഇതാണ് ഇവരുടെ രീതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കേസിൽ ലുബാന, റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ അമീൻ, വിശാഖ് എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത് കളമശ്ശേരിയിലെ കുടവയറൻ ഹോട്ടലിൽ കഴിഞ്ഞദിവസം നടത്തിയ തട്ടിപ്പിലാണ് ക്യു ആർ കോഡ് തട്ടിപ്പ് സംഘം പിടിയിലായത്. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ബില്ല് ചോദിച്ചു, പണം അടച്ചതിന്‍റെ റസീറ്റും കാണിച്ചു. തിരക്കിൽ കടയുടമ അക്കൗണ്ടൊന്നും പരിശോധിച്ചില്ല. പിന്നീട് സ്റ്റേറ്റ്മെന്‍റ് നോക്കിയപ്പോൾ പറ്റിക്കപ്പെട്ടത് മനസിലായി. പരാതിയുമായി കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇതേ സംഘത്താൽ പറ്റിക്കപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഉണ്ടെന്ന് മനസിലായത്. കുടവയറൻ ഹോട്ടലുടമ നൗഫൽ നൽകിയ വിവരങ്ങൾ വച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
ലോഡ്ജുകളിൽ താമസിച്ച ശേഷം ഇതേ രീതിയിൽ പണം നൽകാതെ മുങ്ങുന്നതും സംഘത്തിന്‍റെ പതിവാണ്. ഇടപ്പളളി മെട്രോ സ്റ്റേഷന് സമീപത്തെ ഹോം സ്റ്റോയിൽ 1000 രൂപ നിരക്കിലുള്ള രണ്ട് മുറികൾ രണ്ട് ദിവസം വാടകക്കെടുത്തും ഈ സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 4000 രൂപ വാടക നൽകിയതായി വ്യാജ പെയ്മെന്‍റ് ആപ്പിലൂടെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലുബാന, റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ അമീൻ, വിശാഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പ് സംഘത്തിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഇടപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.