
ഇടുക്കി: ഇടുക്കി വെളളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കര്‍ഷകർക്കും കുടുംബത്തിനും നിരവധി മേഖലകളിൽ നിന്നാണ് സഹായ ഹസ്തമെത്തിയത്. കുട്ടികൾക്ക് പത്ത് പശുക്കളെ നൽകുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. പശുക്കളെ വാങ്ങാനായി ലുലു ഗ്രൂപ്പ് 5 ലക്ഷം രൂപ കുടംബത്തിന് കൈമാറി കൈമാറി. നേരത്തെ നടന്മാരായ ജയറാമും മമ്മൂട്ടിയും പൃത്ഥിരാജും പശുക്കളെ വാങ്ങാനായി സഹായം പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികർഷകരായ മാത്യുവിനെയും ജോർജുകുട്ടിയെയും കുടുംബത്തെയും കാണാൻ വീട്ടിലെത്തി.
ഒരാഴ്ചക്കുളളിൽ 5 പശുക്കളെ ഇൻഷുറൻസ് പരിരക്ഷയോടെ മാത്യുവിന് നൽകുമെന്ന് മന്ത്രി ചിഞ്ചുറാണിയും അറിയിച്ചിട്ടുണ്ട്. മിൽമയുടെ ഭാഗത്ത് നിന്ന് 45,000 രൂപ സഹായവും കുടുംബത്തിന് ലഭിച്ചു. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി. കുട്ടി കർഷകന്‍റെ പശുക്കൾ ചത്ത വാർത്തയറിഞ്ഞ് നടൻ ജയറാം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. തുടർന്ന് പശുക്കളെ വാങ്ങാനായി 5 ലക്ഷം രൂപ നൽകി. പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണം കുട്ടി കര്‍ഷകര്‍ക്ക് ജയറാം നല്‍കി.
ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തിയാണ് ജയറാം തുക കൈമാറിയത്. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും സഹായം നൽകും. പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡും മാത്യൂവിനെ തേടിയെത്തിയിരുന്നു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ഈ കുട്ടി കര്‍ഷകനെ തേടിയെത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.
ന്യൂയർ ദിനത്തിലാണ് തൊടുപുഴയ്ക്ക് സമീപം വെള്ളിയാമറ്റത്ത് പതിനഞ്ചുകാരന്‍ മാത്യൂ നടത്തിയിരുന്ന ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഡിസംബര്‍ മുപ്പത്തിയൊന്ന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചെയുമായാണ് പശുക്കള്‍ ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം വെറ്റിനറി ഡോക്ടര്‍മാരായ ഗദ്ദാഫി, ക്ലിന്റ്, സാനി, ജോര്‍ജിന്‍ എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും, കുട്ടികളെയും ചേര്‍ത്ത 13ഓളം പശുക്കള്‍ ചത്തു.
Read More : വീണ്ടും മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത, മറ്റന്നാൾ കൊച്ചിയിൽ യെല്ലോ, 5ന് മൂന്ന് ജില്ലകളിൽ അലർട്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam