'വായിൽ മണ്ണിടുന്ന പണിയാ'; ഉത്തരേന്ത്യയില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം എം മണി

By Web TeamFirst Published Dec 11, 2019, 9:51 AM IST
Highlights

ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രശ്നങ്ങള്‍ മനസിലാക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുവെന്നാണ് എം എം മണിയുടെ വിമര്‍ശനം. 

കട്ടപ്പന: ഉത്തരേന്ത്യയില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം എം മണി. കട്ടപ്പനയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം. റവന്യുമന്ത്രി ഇ ചന്ദ്രശേഖര്‍ സന്നിഹിതനായിരുന്ന വേദിയിലാണ് എം എം മണിയുടെ പരാമര്‍ശം. ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രശ്നങ്ങള്‍ മനസിലാക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുവെന്നാണ് എം എം മണിയുടെ വിമര്‍ശനം. 

മുൻ ജില്ലാ കളക്ടർ കൗശികനെതിരേയായിരുന്നു എം എം മണിയുടെ ആദ്യ വിമര്‍ശനം. വടക്ക് നിന്നെല്ലാം വരുന്ന പല ആളുകളുമുണ്ട് അവർ എന്തേലും ഒണ്ടാക്കിവെച്ചിട്ട് പോകും. നമ്മൾ പാരയും പിടിക്കും. കൗശികൻ ഒപ്പിച്ച പണി കണ്ടോ. ഇവിടൊന്നും(പട്ടയം) കൊടുക്കാൻപാടില്ലെന്ന് പുള്ളി പറഞ്ഞു. നമ്മുടെ വായിൽ മണ്ണിടുന്ന പണിയാ. രണ്ടാമത് മാങ്കുളം പ്രോജക്ട്. അവിടെ പത്തുനൂറ് വർഷമായി ജീവിക്കുന്ന ആളുകളാ. പട്ടയഭൂമിക്ക് നഷ്ടപരിഹാരം കൊടുത്താമതി, സർക്കാർഭൂമിക്ക് കൊടുക്കേണ്ടെന്ന് പറഞ്ഞു. ഇന്നേവരെ അവിടെ ഒന്നും നടന്നില്ല.                                                                                                                                        

നിവേദിത പി ഹരനെതിരെയായിരുന്നു അടുത്ത വിമര്‍ശനം. പുള്ളിക്കാരത്തി മുണ്ടക്കയംവഴി വന്ന് മൂന്നാർ, നേര്യമംഗലം ഇറങ്ങി പോയി. എന്നിട്ട് പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ നിർമാണം നിയന്ത്രിക്കണമെന്ന് ഒരു തീട്ടൂരമിറക്കി. ആ തീട്ടൂരവും വലിച്ചോണ്ട് നമ്മൾ ഇങ്ങനെ നടക്കുകയാ. ഇപ്പോഴത്തെ ജില്ലാ കളക്ടർ ഈ പ്രശ്നങ്ങൾക്ക് തീരുമാനമുണ്ടാക്കി നമ്മളെ ഒന്ന് സഹായിച്ചിട്ട് പോണമെന്നാണ് എനിക്ക് പറയാനുള്ളത്. ചില ഉദ്യോഗസ്ഥർ ഇലക്ഷൻ കമ്മിഷന്റെ ആളുകളായിട്ട് ഇവിടെ വന്നു. അവർക്ക് കുളിക്കാൻ മിനറൽ വാട്ടർ വേണം. ഇവിടെയുള്ള ഐ എ എസുകാരാണെങ്കിൽ നമ്മൾ കൈകാര്യംചെയ്തുവിടുമായിരുന്നുവെന്നും എം എം മണി പറഞ്ഞു.

click me!