
തിരുവനന്തപുരം: ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ ആശുപത്രിയിലും സ്കൂളുകളിലും എത്തിക്കുന്നതിന് കൊല്ലം ജില്ല ശിശുക്ഷേമ സമിതി ദീര്‍ഘകാലമായി നേരിട്ടിരുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായി. വാഹനം വാങ്ങി നല്‍കാന്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള സമിതി മുൻ സെക്രട്ടറി കെ ബാലൻ മാഷിൻ്റെ കത്തിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കൊല്ലം ജില്ല ശിശുക്ഷേമ സമിതിയിലെ ശിശു പരിചരണ കേന്ദ്രത്തില്‍ നിലവില്‍ ഒരു മാസം മുതല്‍ 6 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഉള്ളത്. യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം ശിശുക്ഷേമസമിതിയ്ക്ക് പുതിയ വാഹനം വാങ്ങി നല്‍കി. സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പുതിയ വാഹനത്തിന്‍റെ താക്കോലും രേഖകളും ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദൻ മന്ത്രി വീണ ജോര്‍ജ്ജിന് കൈമാറി.
തുടര്‍ന്ന് മന്ത്രി ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുൺ ഗോപി, കൊല്ലം ജില്ല ശിശുക്ഷേമ സമിതി മുൻ സെക്രട്ടറി കെ.ബാലൻ മാഷ്, ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം ഹസന്‍, അഡ്മിൻ മാനേജർ ബിനു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.