
പാലക്കാട്: മധു പൊലീസിനു നൽകിയ അവസാന മൊഴിയിൽ ആക്രമിക്കാൻ പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മറുപടി. ആക്രമിക്കാൻ പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞിരുന്നില്ലെന്നാണ് മുൻ അഗളി ഡി വൈ എസ് പി കൂടിയായിരുന്ന ടി കെ സുബ്രഹ്മണ്യൻ കോടതിയിൽ വ്യക്തമാക്കിയത്. പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്താരത്തിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി കെ സുബ്രമണ്യൻ ഇക്കാര്യം പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യു രേഖപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങൾ ആ ഫോൺ ഉപയോഗിച്ച് എടുത്തതാണോ, ഫോർവേഡ് ചെയ്തതാണോ, ഡൗൺലോഡ് ചെയ്തതാണോ എന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ സയന്‍റിഫിക് വിദഗ്ധനും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും ടി കെ സുബ്രമണ്യൻ കോടതിയിൽ വിശദീകരിച്ചു. മധുവിനെ മുക്കാലിയിൽ തടഞ്ഞു വച്ചത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്രതികളുടെ ഫോണിൽ നിന്ന് ലഭിക്കുന്നതിനു മുമ്പ് താൻ കൂടി അംഗമായ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് വന്നിരുന്നുവെന്നും അതിൽ നിന്നാണ് ദൃശ്യങ്ങൾ ആദ്യമായി കണ്ടതെന്നും മുൻ അഗളി ഡി വൈ എസ് പി കോടതിയെ അറിയിച്ചു.
മധു വധക്കേസ്: സ്റ്റേഷനില്‍ വൈദ്യുതി ഇല്ലായിരുന്നെന്ന് മുന്‍ ഡിവൈഎസ്പി, പൊളിച്ചടുക്കി പ്രതിഭാഗം
മധു മരിക്കുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലയതിനാലാണ് ഇൻക്വസ്റ്റ് നടത്താൻ മജിസ്ട്രേട്ടിനെ ചുമതലപ്പെടുത്തിയത്. മധുവിന്‍റെ ദേഹത്തെ പരുക്കുകളെ കുറിച്ച് മജിസ്ട്രേട്ട് പൊലീസിനോട് ചോദിച്ചോ എന്ന് തനിക്കറിയില്ല. ഹാഷ് വാല്യു രേഖപ്പെടുത്താൻ വൈദ്യുതി തടസ്സം നേരിടാൻ പാടില്ലെന്നുള്ള വിവരം അറിയില്ലായിരുന്നു. ദൃശ്യങ്ങൾ സിസി ചെയ്തതിനു ശേഷമാണ് ഇക്കാര്യം മനസ്സിലായത്. മധു കേസ് അന്വേഷിക്കാൻ തൃശൂർ ഐ ജി പ്രത്യേകം ഉത്തരവ് നൽകിയിരുന്നു. അട്ടപ്പാടി മേഖലയിലെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേകം ഉത്തരവിന്‍റെ ആവശ്യമില്ലാതിരുന്നിട്ടും വളരെ പ്രധാനപ്പെട്ടത് ആയതു കൊണ്ടാണ് ഐ ജി ഉത്തരവ് നൽകിയതെന്നും ടി കെ സുബ്രഹ്മണ്യൻ കോടതിയിൽ വിശദീകരിച്ചു. പ്രതിഭാഗം അഭിഭാഷകരായ ജോൺ എസ് റാൽഫ് സക്കീർ ഹുസൈൻ, കെ രാംദാസ് എന്നിവരാണ് പ്രതിഭാഗത്തിന് വേണ്ടി വിസ്താരം നടത്തിയത്.