
മലപ്പുറം: തിരൂരിൽ പ്രാർത്ഥന നിർവഹിക്കാനാണെന്ന് പറഞ്ഞു പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നുപേർ അറസ്റ്റിലായി. പ്രണയത്തിനെതിരെ ക്ലാസെടുത്തുവെന്ന കാരണം പറഞ്ഞ് തൃപ്രങ്ങോട് പാലോത്ത് പറമ്പിലെ മദ്റസ അധ്യാപകനെ പള്ളിയിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ച സംഘത്തെയാണ് മണിക്കൂറുകൾക്കുള്ളിൽ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് കാരണമായത് അധ്യാപകന്റെ പ്രണയ വിരുദ്ധ ക്ലാസെന്നാണ് പ്രതിയുടെ മൊഴി. മംഗലം മുട്ടനൂർ കുന്നത്ത് മുഹമ്മദ് ഷാമിൽ, മംഗലം കാവഞ്ചേരി മാത്തൂർ വീട്ടിൽ മുഹമ്മദ് ഷാമിൽ, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീൻ എന്നിവരെയാണ് തിരൂർ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്‌റസ അധ്യാപകനുമായ ഫൈസൽ റഹ്‌മാന് സംഘത്തിന്റെ ക്രൂര മർദനമേറ്റത്.
മൂവരും ഉച്ചയോടെ പള്ളിയിലെ താമസ മുറിയിൽ എത്തി വല്യുമ്മാക്ക് സുഖമില്ലെന്നും പ്രാർത്ഥിക്കാൻ കൂടെ വരണം എന്നും പറഞ്ഞ് അധ്യാപകനെ പള്ളിയിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. സംഘത്തിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നി നടന്നുവരാമെന്ന് അറിയിച്ചതോടെ സംഘം ആക്രമിക്കുകയും ശേഷം കാറിൽ രക്ഷപ്പെടുകയുമായിരുന്നു. 20കാരനായ കുന്നത്ത് മുട്ടനൂർ സ്വദേശി മുഹമ്മദ് ഷാമിൽ ആക്രമണം ആസൂത്രണം ചെയ്തതെന്ന് സിഐ ജിജോ അറിയിച്ചു.
Read more: 'വിവാദ കത്തിന്മേൽ രാജിയില്ല', 'പെട്ടി പ്രതിഷേധത്തിൽ' മാനനഷ്ടകേസ് പരിഗണനയിൽ : മേയർ ആര്യ
ബന്ധുവിന്റെ കാർ തരപ്പെടുത്തി സുഹൃത്തുക്കളേയും കൂട്ടി പള്ളിയിലെത്തി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. പ്രണയത്തെ എതിർത്ത് പത്താംതരത്തിൽ ഫൈസൽ റഹ്‌മാൻ കഴിഞ്ഞദിവസം ക്ലാസെടുത്തിരുന്നു. ഈ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി മുഖേന വിവരം അറിഞ്ഞതോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. സംഘം എത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam