'പക്ഷേ 'കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്ന മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ എംപിയുടെ പരാമർശവും പ്ലക്കാഡും വിമർശനാത്മകമാണ്. ഇക്കാര്യത്തിൽ മാനനഷ്ട കേസടക്കമുള്ള നിയമനടപടികൾ ആലോചിച്ച് മുന്നോട്ട് പോകും'

തിരുവനന്തപുരം : കരാർ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിന്മേൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. കൌൺസിലർമാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മൊബൈൽ പരിശോധനയോട് അടക്കം സഹകരിക്കുമെന്നും മേയർ അറിയിച്ചു. 

മേയറുടെ ലെറ്റർപാഡ് വ്യാജമാണെന്ന് പറയാതെ ജീവനക്കാർ, ഓഫീസിൽ കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് മൊഴി 

കോർപ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധത്തോടും മേയർ ആര്യ പ്രതികരിച്ചു. 'സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവർ വളർന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. പക്ഷേ 'കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്ന മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ എംപിയുടെ പരാമർശവും പ്ലക്കാഡും വിമർശനാത്മകമാണ്. ഇക്കാര്യത്തിൽ മാനനഷ്ട കേസടക്കമുള്ള നിയമനടപടികൾ ആലോചിച്ച് മുന്നോട്ട് പോകും. സമരമാകാം. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി'. അത് പാടില്ലെന്നും മേയർ പറഞ്ഞു. നോട്ടീസ് അയച്ച കോടതി നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച മേയർ, തന്റെ ഭാഗം കേൾക്കാൻ അവസരം നൽകുന്നതിൽ നന്ദിയറിയിക്കുകയും ചെയ്തു. 

'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; ആര്യക്കെതിരെ അധിക്ഷേപ പരാമർശവുമായി ജെബി മേത്തർ

പ്രതിഷേധമിരമ്പി തലസ്ഥാനം 

അതേ സമയം, കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോർപറേഷനിൽ അഞ്ചാം ദിവസവും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. കോർപറേഷന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും അകത്ത് യുഡിഎഫ് കൗൺസിലർമാരും ധര്‍ണയിലാണ്. മേയറുടെ രാജിയാവശ്യവുമായി ബിജെപി, യുവമോർച്ച പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. കേരളത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥലത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. 

'പിണറായി വിജയൻ അഴിമതിയുടെ രാജാവ്'; കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സുരേന്ദ്രൻ

YouTube video player

YouTube video player