
കോഴിക്കോട്: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്. അന്തരിച്ച പിതാവിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന 'ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' എന്ന പ്രത്യേക മാജിക് ഷോയുടെ മുന്നോടിയായുള്ള പരിശീലനത്തിലാണ് മുതുകാട് ഇപ്പോള്‍.
തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റില്‍ വെച്ചാണ് പരിശീലനം നടക്കുന്നത്. തന്റെ 45 വര്‍ഷത്തെ പ്രകടനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയാണ് ഈ ഷോ ഒരുക്കുന്നത്. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ആഗസ്റ്റ് 9-നാണ് 'ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' അരങ്ങേറുന്നത്. ഇന്ദ്രജാലവും സംഗീതവും നൃത്തവും ഹ്രസ്വചിത്രങ്ങളുമൊക്കെ സമന്വയിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ മേമ്പൊടിയോടെയാണ് പുതിയ ദൃശ്യവിസ്മയം അരങ്ങിലെത്തുന്നത്.
തന്റെ ജീവിതത്തിലെ ഒരു പ്രധാന നിമിഷമാണിത്. മാജിക്കിന്റെ ലോകത്തു നിന്ന് വിരമിച്ച ശേഷവും അച്ഛനുള്ള സമര്‍പ്പണമായി ഇത്തരമൊരു കലാപ്രകടനം കാഴ്ച്ചവെക്കണമെന്നത് അതിയായ ആഗ്രഹമായിരുന്നു. മാജിക്ക് പൂര്‍ണ്ണമായി ഉപേക്ഷിച്ചതിനാല്‍ ഇരട്ടി പരിശീലനമാണ് ഈ ഷോയ്ക്കായി നടത്തുന്നതെന്നും മുതുകാട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam