
മലപ്പുറം: അരീക്കോട് - മഞ്ചേരി, അരീക്കോട് - കൊണ്ടോട്ടി റോഡുകൾ സംഗമിക്കുന്ന അരീക്കോട് പുത്തലം കവലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലാണ് കാലങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്നം പരിഹരിക്കാൻ തീരുമാനമായത്. റോഡ് വീതികൂട്ടുന്നതിനായി പള്ളിമുറ്റം വിട്ടുനൽകാൻ പുത്തലം മഹല്ല് കമ്മിറ്റി തയ്യാറാണെന്ന് അറിയിച്ചു.പൊതുമരാമത്ത്, ജല അതോറിറ്റി, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പള്ളിക്കമ്മിറ്റി ഭാരവാഹികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരുമായി എം.എൽ.എ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രശ്നപരിഹാരത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്.
വീതി കുറഞ്ഞ രണ്ട് റോഡുകൾ 90 ഡിഗ്രിയിൽ സംഗമിക്കുന്നതാണ് പുത്തലം കവലയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കൂടാതെ, റോഡിന് നടുവിൽ രൂപപ്പെട്ട വലിയ കുഴികളും സ്ഥിതി കൂടുതൽ വഷളാക്കി. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുടെ നവീകരണസമയത്ത് റോഡ് വീതി കൂട്ടാൻ പള്ളിമുറ്റം വിട്ടുനൽകാൻ പള്ളിക്കമ്മിറ്റി തയ്യാറായിരുന്നെങ്കിലും അന്ന് കരാറുകാർ സഹകരിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. നിലവിലെ സാഹചര്യത്തിൽ റോഡ് വീതികൂട്ടുന്നതിനായി പള്ളിയുടെ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് ഭാരവാഹികൾ എം.എൽ.എയെ അറിയിച്ചു.
അംഗശുദ്ധിക്ക് വെള്ളമെടുത്തിരുന്ന കിണർ നഷ്ടപ്പെടുന്നതിനാൽ അതിനുപകരമായി കൂടുതൽ ജലലഭ്യതയുള്ള കിണർ കുഴിക്കുന്നതിനുള്ള സ്ഥലം ഊർങ്ങാട്ടിരിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായ ബിച്ചുട്ടി സൗജന്യമായി നൽകും. മൂന്നോ നാലോ മാസങ്ങൾക്കകം പള്ളിമുറ്റം ഏറ്റെടുത്ത് ടാറിങ് നടത്തുമെന്നും, കവലയിലെ കുഴികൾ അടച്ച് കൊരുപ്പുകട്ട പതിക്കുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് അധികൃതർ ഉറപ്പുനൽകി.