
തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽ നിന്നും കൈപ്പറ്റിയ പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് മഹിളാപ്രധാൻ ഏജന്‍റുമാർക്ക് സസ്പെൻഷൻ. ബാലരാമപുരം പോസ്റ്റോഫീസ് മുഖേന പ്രവർത്തിക്കുന്ന ഡി. അംബിക, പൂവാർ പോസ്റ്റോഫീസ് മുഖേന പ്രവർത്തിക്കുന്ന ജെ. ജയകുമാരി എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഏജൻസി പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലും ഏജൻസി ചട്ടപ്രകാരം നിക്ഷേപകരിൽ നിന്നും കൈപ്പറ്റിയ മാസത്തവണകൾ ഒടുക്കാത്തതിനാലും നിരവധി തവണ താക്കീത് നൽകിയിട്ടും വീഴ്ച ആവർത്തിക്കുന്നതിനാലുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
ഈ ഏജന്‍റുമാർ മുഖേന പോസ്റ്റോഫീസിൽ ആർഡി നിക്ഷേപം നടത്തി വരുന്ന മുഴുവൻ നിക്ഷേപകരും അതാത് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. പരാതിയുള്ളവർ പാറശാല ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണം. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ പണമിടപാടും ഈ മഹിളാപ്രധാൻ ഏജന്‍റുമാരുമായി നടത്താൻ പാടില്ലായെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.
മഹിളാപ്രധാൻ ഏജന്‍റുമാരുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാവുന്നതാണ്. ഫോൺ 0471-2478731. പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തി ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽ നേരത്തെ വർക്കല പാളയംകുന്ന് പോസ്റ്റോഫീസ് മഹിളാപ്രധാനെയും സസ്പെന്‍റ് ചെയ്തിരുന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam