
തിരുവനന്തപുരം: യുവാവിനെ ലഹരിമാഫിയാ സംഘം അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. മംഗലപുരത്തെ സ്വർണ്ണക്കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർ സ്വദേശി ഫൈസി എന്ന ഫൈസലിനെയാണ് മംഗലപുരം പോലീസ് പിടികൂടിയത്. കേസിൽ ഇതോടെ മൂന്നുപേർ പിടിയിലായി.
മംഗലപുരം വെള്ളൂർ ചിറത്തലയ്ക്കൽ വീട്ടിൽ ഷെരീഫി (38) നെയാണ് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വെള്ളൂർ ചിറത്തലയ്ക്കൽ വീട്ടിൽ ആഷിക്ക്, പള്ളിപ്പുറം പായ്ചിറ ദാറുൽ ഹിദായയിൽ മുഹമ്മദ് അസറുദീൻ, വെള്ളൂർ മുസ്ലീം പള്ളിക്കു സമീപം ഫൈസൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഞ്ചാവ്, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആഷിക്. സ്വർണ്ണക്കവർച്ചയടക്കം നിരവധി മോഷണം ആക്രമണ കേസുകളിൽ പ്രതിയാണ് ഫൈസി. പോത്തൻകോട് പിതാവിനെയും മകളെയും കാർ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലും ഫൈസൽ പ്രതിയായിരുന്നു. ഒരാഴ്ച മുൻപ് ആഷിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു പെൺകുട്ടിയമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ഷെരീഫ് ഉൾപ്പെടെയുള്ള നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. അക്രമികളിൽ ഒരാളുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു ഇതാണ് സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ സഹായകമായത്. തലയ്ക്കും ചെവിക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam