
ഇടുക്കി: മൂന്നാറിലേക്കുള്ള പ്രധാന പാതകളിൽ മണ്ണിടിച്ചിൽ രൂക്ഷം. മൂന്നാർ ദേവികുളം ഗ്യാപ് റോഡിൽ ഇന്നലെ രാത്രിയോടെ വൻ മലയിടിച്ചിലുണ്ടായി. ദേശീയ പാത 85-ൽ കൊച്ചി - ധനുഷ്‌കോടി റോഡിൽ നിർമാണം നടക്കുന്ന മേഖലയിലാണ് ശനിയാഴ്ച അർദ്ധ രാത്രിയോടെ വൻ തോതിൽ വലിയ കല്ലും മണ്ണും ഇടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടത്. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി.
ഈ ദേശീയ പാതയിൽ ഏറ്റവും അപകടം നിറഞ്ഞ ഭാഗമാണ് ഇത്. 380 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ദേശീയ പാതയുടെ ഭാഗമായ മൂന്നാർ മുതൽ ബോഡിമേട്ട് വരെ നടന്നു വരുന്നത്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരു മാസത്തിലധികം എടുക്കുമെന്നാണ് കരുതുന്നത്. മേഖലയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്. ദേവികുളം സബ് കളക്ടർ രേണു രാജ് സ്ഥലം സന്ദർശിച്ചു. റോഡ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുകയും ചെയ്തു.
കനത്ത മഴയിൽ ദേവികുളം റോഡിലും മൂന്നാർ ഹെഡ് വര്‍ക്‌സ് ഡാമിന് സമീപവും കഴിഞ്ഞയാഴ്ചയും മണ്ണിടിഞ്ഞിരുന്നു. യന്ത്രസഹായത്തോടെ വൈകാതെ മണ്ണ് നീക്കിയെങ്കിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഈ ഭാഗത്തെല്ലാം വ്യാപകമായ മണ്ണിടിച്ചിലുണ്ടായിരുന്നു. എന്നാല്‍ പ്രളയമൊഴിഞ്ഞ് വർഷമൊന്നാകാറായിട്ടും മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സുരക്ഷയൊരുക്കാൻ അധിക്യതർ തയ്യാറാകാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മൂന്നാർ ടൗണിലെ റോഡുകളുടെ അവസ്ഥയും ദയനീയമാണ്. പഴയമൂന്നാര്‍ മുതലുള്ള റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. റോഡുകൾ മോശമായതിനാൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോഴത്തെ മണ്ണിടിച്ചിൽ ഭീഷണി. ഈ സാഹചര്യത്തിൽ മഴയൊഴിഞ്ഞാൽ അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടുന്നതിനൊപ്പം റോഡുകൾ സഞ്ചാരയോഗ്യമാക്കുക കൂടി ചെയ്യണമെന്നാണ് മൂന്നാറുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam