യുവജന കമ്മീഷൻ ഇടപെട്ടു; നാല് വയസ്സുകാരിയുടെ അടിയന്തിര ചികിത്സക്കായി ചെന്നൈയിലേക്ക് ആംബുലൻസ്

By Web TeamFirst Published Apr 21, 2020, 4:40 PM IST
Highlights

 4 വയസുകാരി ഫാത്തിമത്ത് ഷഹലയുടെ കണ്ണിലെ അര്‍ബുദ ചികിത്സയ്ക്ക് ചെന്നൈയിലെത്തിക്കാന്‍ യുവജന കമ്മീഷൻറെ ഇടപെടല്‍.  കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്റെ വീ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സർക്കാർ നിര്‍ദ്ദേശം

തിരുവനന്തപുരം: കാസര്‍കോട് ധര്‍മ്മത്തടുക്കയിലെ അബ്ദുള്‍ ഹമീദിന്റെയും ആയിഷത്ത് മിസ്‌റയുടെയും മകളായ 4 വയസുകാരി ഫാത്തിമത്ത് ഷഹലയുടെ കണ്ണിലെ അര്‍ബുദ ചികിത്സയ്ക്ക് ചെന്നൈയിലെത്തിക്കാന്‍ യുവജന കമ്മീഷൻറെ ഇടപെടല്‍. ഫാത്തിമത്ത് ഷഹലയ്ക്ക് തമിഴ്‌നാട്ടില്‍ ചെന്നൈയിലെ ശങ്കര നേത്രാലയയില്‍ മുടങ്ങാതെ കീമോതെറാപ്പിയും അടിയന്തര ഓപ്പറേഷനും ചെയ്യേണ്ട നിലയിലായിരുന്നു.

ലോക്ക്ഡൌണില്‍ മകളുടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയില്‍ കഴിയുന്ന കുടുംബത്തിന് സഹായമെത്തിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി സംസ്ഥാന യുവജന കമ്മീഷന്‍. കമ്മീഷനംഗം കെ. മണികണ്ഠന്‍ ഈ വിവരമറിഞ്ഞതോടെയാണ് ചികിത്സയ്ക്കുള്ള വഴി തുറന്നത്. യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം കുട്ടിയുടെ അമ്മയെ വിളിച്ച് സംസാരിച്ചു. പിന്നാലെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

ഇതിനെ തുടർന്ന് കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്റെ വീ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സർക്കാർ നിര്‍ദ്ദേശം നല്‍കി. ഇന്ന്  രാവിലെ 10 മണിക്ക് കുട്ടിയേയും കൊണ്ട് ആംബുലന്‍സ്   ചെന്നൈയിലേക്ക് പുറപ്പെട്ടു. മടിക്കൈ  പാലിയേറ്റീവ് കെയർ ആംബുലൻസാണ് കുട്ടിയേയും കൊണ്ട് യാത്ര തിരിച്ചത്. ശീരാഗ് മോനാച്ച, അജീഷ് ശങ്കർ എന്നിവരാണ് ആംബുലന്‍സിന്‍റെ സാരഥികൾ. 

click me!