
മലപ്പുറം: വീടുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ മലപ്പുറത്ത് മാലിന്യനിര്‍മാര്‍ജന രംഗത്ത് പുതിയ നേട്ടം. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങളില്‍നിന്നായി ക്ലീന്‍ കേരള കമ്പനി മുഖേന 24.80 ലക്ഷം കിലോ മാലിന്യമാണ് ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറിയത്.
നിഷ്‌ക്രിയ അജൈവ മാലിന്യം, പുനചംക്രമണ മാലിന്യം, സ്‌ക്രാപ്, ഗ്ലാസ്, ഇലക്ട്രോണിക് മാലിന്യം തുടങ്ങിയവയാണ് ശേഖരിച്ചത്. ഇതില്‍ 24.07 ലക്ഷം കിലോ നിഷ്‌ക്രിയ അജൈവ മാലിന്യമാണ് ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത്. പുനചംക്രമണ അജൈവ മാലിന്യം 29,637.1 കിലോയും സ്‌ക്രാപ് 31,555.53 കിലോയും ഗ്ലാസ് മാലിന്യം 11,110 കിലോയും ഇലക്ട്രോണിക് മാലിന്യം 426.04 കിലോയും ശേഖരിച്ചു.
ഹരിതകര്‍മ സേന വീടുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ എത്തിച്ച് തരംതിരിച്ച ശേഷമാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ക്ക് വില ലഭിക്കുന്നതോടൊപ്പം ഉപയോഗശൂന്യമായവ സുരക്ഷിതമായി സംസ്‌കരിക്കുകയും ചെയ്യുന്നു.
മാലിന്യസംസ്‌കരണത്തിനൊപ്പം ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുന്നതും പദ്ധതിയുടെ പ്രധാന നേട്ടമാണ്. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലായി വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് 15.79 ലക്ഷം രൂപ ലഭിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 4.41 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.
2022 ഏപ്രില്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ ജില്ലയില്‍നിന്ന് 12,962.49 ടണ്‍ മാലിന്യം ക്ലീന്‍ കേരള കമ്പനി വഴി നീക്കം ചെയ്തിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രം 2,430.86 ടണ്‍ മാലിന്യവും ശാസ്ത്രീയമായി സംസ്‌കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam