ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിനെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ആലുവ: ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിനെ പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തോട്ടുമുക്കം കവലയിൽ നടന്ന പ്രകടനത്തിൽ നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പ്രസ്ഥാനത്തെയും നേതാക്കളെയും വഞ്ചിച്ചുപോയവരെ വീണ്ടും പാർട്ടിയിലേക്ക് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാലിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.
രണ്ടര വർഷത്തിലേറെ നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച് പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. വികാരപരമായ നിമിഷത്തിൽ എടുത്ത തെറ്റായ തീരുമാനമായിരുന്നു അതെന്നും, യാതൊരു പദവികളും ആഗ്രഹിക്കാതെ സാധാരണ പ്രവർത്തകയായി കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി പത്മജ ഫേസ്ബുക്കിലൂടെ ക്ഷമാപണവും നടത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പത്മജയുടെ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, പാർട്ടിയിലെ യുവനേതാക്കളും അണികളും ഇതിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. പാർട്ടിയെ ആക്ഷേപിച്ച് പോയവർക്ക് തോന്നുമ്പോൾ തിരികെ കയറി വരാൻ കോൺഗ്രസ് വഴിയമ്പലമല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.














