
മലപ്പുറം: മലപ്പുറം കാളികാവ് അടക്കാക്കുണ്ടിൽ യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവ കരുവാരക്കുണ്ടിൽ തന്നെ ഉണ്ടെന്ന് സ്ഥിരീകരണം. കടുവയുടെ ദൃശ്യങ്ങൾ വീണ്ടും ക്യാമറയിൽ പതിഞ്ഞു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് ഒരു കൂട് കൂടി സ്ഥാപിച്ചു.
കഴിഞ്ഞ മാസം 15 ന് ആണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ അലിയെ (44) കടുവ കൊന്നത്. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായി തെരച്ചിൽ തുടരുകയും കടുവയെ പിടകൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കടുവ കെണിയിലായിരുന്നില്ല.
അതിനിടെ കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് മെയ് 30 ന് പുലി കുടുങ്ങിയത്. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ അടയ്ക്കാക്കുണ്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി ദൗത്യം തുടങ്ങി 15 ദിവസം കഴിയുമ്പോഴാണ് കൂട്ടിൽ പുലി കുടുങ്ങുന്നത്.