കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

Published : Aug 08, 2023, 08:44 AM IST
കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

Synopsis

കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. പരിശോധനിയിൽ സഫ്നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് യുവതിയിൽ നിന്നും കണ്ടെത്തിയത്. അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയാണ് അമീര്‍മോന്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്. രണ്ടു പേരില്‍ നിന്നും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദമ്പതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Read More : അമ്മയുടെ കാമുകൻ തള്ളിയിട്ടു, പാലത്തിന്‍റെ പൈപ്പിൽ തൂങ്ങി 100 ൽ വിളിച്ച് 10 വയസുകാരി, പിന്നെ നടന്നത് അത്ഭുതം !

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും യാത്രക്കാരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ പാലക്കാട് സ്വദേശിയായ റഫീഖും മലപ്പുറം സ്വദേശി മുഹമ്മദുമാണ്  പിടിയിലായത്. ഇരുവരും സ്വർണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. രണ്ട് യാത്രക്കാരിൽ നിന്നുമായി ഒന്നേകാൽ കിലോ സ്വർണം ആണ് പിടികൂടിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ ക്യാപ്സൂൾ രൂപത്തിലാക്കിയാണ് പാലക്കാട് സ്വദേശി റഫീഖ് സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്ന് എത്തിയ റഫീക്കിൽ നിന്ന് 1064 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു