
മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് നിന്നും കാണാതായ പ്രതിശുത വരൻ വിഷ്ണുജിത്തിനെ കുറിച്ച് അഞ്ചാംദിവസവും യാതൊരു വിവരവുമില്ല. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ തിരോധാനത്തിൽ ദുരൂഹതയേറുന്നു. അതേസമയം സാമ്പത്തിക ഇടപാടിന്‍റെ പേരിൽ സഹോദരനെ ആരെങ്കിലും പിടിച്ചു വക്കുകയോ അപായപ്പെടുത്തുകയോ ചെയ്തോയെന്ന് ആശങ്കയുണ്ടെന്ന് വിഷ്ണു ജിത്തിന്‍റെ സഹോദരി ജസ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അവസാനം വിളിച്ച ഒരു സുഹൃത്തിനോട് പറഞ്ഞത് എന്തോ ഇഷ്യു ഉണ്ട്, അത് തീർത്തിട്ട് വരാം എന്നാണ്. ഒരാൾക്ക് കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കൊടുത്ത് തീർത്തില്ലെങ്കിൽ കുറച്ച് സീനാണെന്ന് സഹോദരൻ സുഹൃത്തിനെ വിളിച്ച് പറഞ്ഞതായായി ജസ്ന പറഞ്ഞു. കുറച്ച് പണം ഒരാൾക്ക് കൊടുക്കാനുണ്ട്. അത് കൊടുത്തിട്ട് ആ ഇഷ്യു തീർത്തിട്ട് വരാം എന്നാണ് പറഞ്ഞത്. പണം കൊടുക്കാനെത്തിയപ്പോൾ അവിടെ പിടിച്ച് വെച്ചതാകുമെന്നും, പെട്ട് കിടക്കുകയാണെന്ന് ആശങ്കയുണ്ടെന്നും സഹോദരി ജസ്ന പറഞ്ഞു. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ സുഹൃത്തിനോട് വന്നിട്ട് പറയാം എന്നാണ് മറുപടി നൽകിയതെന്നും ജസ്ന പറഞ്ഞു.
എന്നാൽ വിഷ്ണുജിത്തിന് സാമ്പത്തി ഇടപാടുകളെക്കുറിച്ച് വീട്ടിൽ ആർക്കും അറിവുണ്ടായിരുന്നില്ലെന്ന് അമ്മ ജയ ഏഷാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകൻ ഇപ്പോൾ വരും, വൈകിട്ട് വരും, നാളെ വരും എന്ന പ്രതീക്ഷയിലായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചെയ്തോ, അബദ്ധത്തിൽ പെട്ടോ എന്നറിയില്ല. പണം കൈയ്യിലുണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് അറിയുന്നത്. സാമ്പത്തികമായി വിഷ്ണു ജിത്തിന് കമ്പനിയിൽ ഒരു ബാധ്യതയുമില്ലെന്നാണ് തങ്ങളുടെ അന്വേഷണത്തിൽ അറിയാനായതെന്നും അമ്മ പറഞ്ഞു.
അതിനിടെ നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. യുവാവ് കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. മലപ്പുറം എസ്പിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് ടീമുകളായി തിരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്‍റെസാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുവിന്‍റെ സുഹൃത്ത് ശരത്തും അന്വേഷണ സംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിന്‍റെ വിവാഹം മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കഞ്ചിക്കോടാണ് വിഷ്ണുജിത്തിന്‍ററെ മൊബൈല്‍ ഫോണിന്‍റെ അവസാന ലൊക്കേഷൻ കാണിച്ചത്.
വീഡിയോ സ്റ്റോറി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam