
മലപ്പുറം: വേങ്ങരയിൽ സ്പെയർ പാർട്സ് കടയുടെ മറവിൽ നടത്തിവന്നിരുന്ന ലഹരി കച്ചവടം പിടിയിൽ, സ്പെയർ പാർട്സ് കടയുടെ മറവിൽ എം ഡി എം എ കച്ചവടം നടത്തിവന്നിരുന്ന ഉടമയാണ് പിടിയിലായത്. ചൂരൽമല ഹംസ ( 44 ) എന്ന കടയുടമ ആണ് പിടിയിലായത്. വേങ്ങര കൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് എം ഡി എം എ യുമായി പിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരി വാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കടയിൽ വെച്ചും പുറത്ത് വാഹനങ്ങളിൽ കറങ്ങിയും ഇയാൾ എം ഡി എം എ വിൽപ്പന നടത്താറുണ്ടെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അന്തർസംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തുന്ന യുവാവ് അറസ്റ്റിലായി എന്നതാണ്. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ ത്രിമൂർത്തി ഭവനിൽ രഞ്ജിത്താണ് (മോനായി -29) പിടിയിലായത്. 2016 ൽ ആലപ്പുഴ മെഡിക്കൽ കോളജ് പരിസരത്തുനിന്ന് ഒരുകിലോ കഞ്ചാവ് പിടികൂടിയ കേസിലും 2022 ൽ വീട്ടിൽനിന്ന് 13 ഗ്രാം എം ഡി എം എയും കഞ്ചാവും മയക്കുഗുളികകളും സ്ഫോടകവസ്തുക്കളും പിടികൂടിയ കേസിലുമുൾപ്പെടെ അഞ്ചോളം കേസിൽ പ്രതിയാണ് പിടിയിലായത്. ഡി വൈ എസ് പി ജയരാജിന്റെ നിർദേശാനുസരണം സൗത്ത് സ്റ്റേഷൻ ഓഫിസർ അരുണിന്റെ നേതൃത്വത്തിൽ എസ് ഐമാരായ റെജിരാജ്, അനു എസ് നായർ, മോഹൻകുമാർ, സീനിയർ സി പി ഒ ബിനോജ്, സി പി ഒ വിപിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam