
കോട്ടയത്തെ മലരിക്കൽ ഗ്രാമം ആമ്പൽ പൂക്കളുടെ മായാജാലത്തിൽ മുങ്ങി നിൽക്കുകയാണ്. ഏഴ് വർഷം മുമ്പ് വിനോദസഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചെറുഗ്രാമം, ഇന്ന് കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ തിളങ്ങുന്നത് ആമ്പൽ പൂക്കളുടെ മനോഹാരിതയിലാണ്. ആമ്പൽ പൂക്കൾ ഒരു ഗ്രാമത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ മാറ്റി മറിച്ച കഥയാണ് മലരിക്കൽ ലോകത്തോട് വിളിച്ചുപറയുന്നത്. 7 വർഷം മുമ്പ് വിനോദസഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയടുത്താണ് മലരിക്കലിലെ ആമ്പൽ വിപ്ലവം തുടങ്ങിയത്. പിന്നെ ഓരോ വർഷം കഴിയുന്തോറും എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി വരികയാണ്. രണ്ട് പാടശേഖരങ്ങളിലായി നോക്കെത്താ ദൂരത്ത് പടർന്ന് പൂത്ത് നിൽക്കുന്ന ആമ്പൽ പൂക്കൾ നാടിന് സമ്മാനിക്കുന്നത് ചില്ലറ വരുമാനമല്ല, കോടികളാണ്. തിരുവായ്ക്കരി, ജെ ബ്ലോക്ക് ഒൻപതിനായിരം എന്നീ പാടശേഖരങ്ങളിലായി പടർന്ന് പന്തലിച്ച് നിൽക്കുന്ന ആമ്പൽ പൂക്കൾ, നെൽകൃഷിക്ക് ശേഷം എത്തുന്ന അതിഥികളാണ്.
മലരിക്കൽ ആമ്പൽ വസന്തം ഇന്ന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഒപ്പം നാട്ടുകാർക്ക് വരുമാന മാർഗവും. ഈ വർഷം സീസൺ അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, അഞ്ച് കോടി രൂപയിലധികം വരുമാനം ഈ പൂക്കൾ ഗ്രാമത്തിന് സമ്മാനിച്ചു. വള്ളത്തിൽ സഞ്ചാരികളെ കൊണ്ടുപോകുന്നവർ മുതൽ പൂക്കൾ വിൽക്കുന്നവരും ചെറുകിട കച്ചവടം നടത്തുന്നവരും പാർക്കിംഗ് ഒരുക്കുന്നവർക്കുമെല്ലാം കൈ നിറയെ പണം കിട്ടിത്തുടങ്ങിയതോടെ നാട്ടുകാരെല്ലാം ഹാപ്പിയാണ്. അങ്ങനെ മലരിക്കലിന്‍റെ ആമ്പൽ വസന്തം നാട്ടുകാർക്ക് സ്വപ്നതുല്യമായ വരുമാന മാർഗമായി മാറി.
രണ്ട് പാടശേഖരങ്ങളിലായി 200 ലധികം വള്ളങ്ങളാണ് സഞ്ചാരികളെ കാത്തുനിൽക്കാറുള്ളത്. ദിനംപ്രതി നൂറുകണക്കിന് സന്ദർശകർ, അവധിദിനങ്ങളിൽ തിക്കും തിരക്കും മലരിക്കലിൽ ഒരു ആഘോഷമായി മാറുന്നു. വള്ളം തുഴയുന്നവർ, ചെറുകിട കച്ചവടക്കാർ, പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നവർ എന്നിവർക്കെല്ലാം ഈ വസന്തം ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ പകർന്നു. "ഇതുവരെ അഞ്ച് കോടി രൂപയാണ് വരുമാനം, ഇനിയും ഒരാഴ്ച കൂടി ആമ്പൽ വസന്തം തുടരും" - ടൂറിസം സൊസൈറ്റി പ്രസിഡന്റ് ഷാജിമോൻ വട്ടപ്പള്ളി പറഞ്ഞു. സഞ്ചാരികൾക്ക് ആമ്പൽപ്പൂക്കളുടെ മനോഹാരിതയിൽ മുഴുകാനും, നാട്ടുകാർക്ക് അവരുടെ ജീവിതം പൂക്കളാൽ സമൃദ്ധമാക്കാനും ഈ സീസൺ അവസരമൊരുക്കിയെന്നും അദ്ദേഹം വിവരിച്ചു.
മലരിക്കലിന്റെ ഈ വിജയഗാഥ മറ്റ് പ്രദേശങ്ങളെയും പ്രചോദിപ്പിക്കുന്നു. കോട്ടയത്തെ വിവിധ പാടശേഖരങ്ങളിൽ ആമ്പൽ കൃഷിയിലൂടെ വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ നാട്ടുകാർ തുടങ്ങിക്കഴിഞ്ഞു. ഒരു പൂവ് ഒരു ഗ്രാമത്തിന്റെ ഭാഗ്യം മാറ്റിമറിച്ച മലരിക്കലിന്‍റെ കഥ കണ്ടറിഞ്ഞ് തങ്ങളുടെ ഗ്രാമത്തെയും മാറ്റാനുള്ള പരിശ്രമവും തുടരുകയാണ്. പ്രകൃതിയുടെ സൗന്ദര്യവും മനുഷ്യന്റെ കഠിനാധ്വാനവും ഒന്നിക്കുമ്പോൾ എന്തും സാധ്യമാണെന്ന് ഈ ചെറിയ ഗ്രാമം തെളിയിക്കുന്നു. ആമ്പൽ പൂക്കളുടെ വസന്തം ഇനിയും കൂടുതൽ ഗ്രാമങ്ങളിലേക്ക് പടർന്നുകയറട്ടെയെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.