
കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരുമായി സിനിമാ നിർമ്മാതാവും തിരക്കഥാകൃത്തുമായ യുവാവ് മുക്കം പൊലീസിന്റെ പിടിയിലായി. അരീക്കോട് മൈത്ര സ്വദേശി കരുപറമ്പൻ സുനീർ (35) ആണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസിന്റെ 1000 പായ്ക്കറ്റുകളുമായി പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ചെറുപ്പ, മൈക്കാവ്, മുക്കം, നെല്ലിക്കാപറമ്പ് ,വല്ലത്തായ്പ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നവർക്ക് കൊടുക്കാനായി കൊണ്ടുവന്നതായിരുന്നു ഇത്.
അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരു കറുത്ത മാരുതി ആൾട്ടോ കാർ വരുന്നുണ്ടെന്ന് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡി.വൈ.എസ്.പി. പി.ബിജുരാജിന്റെ നിർദേശപ്രകാരം മുക്കം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്.
അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രത്തിന്റെ പ്രൊഡൂസറും മുൻനിര അഭിനേതാവും കഥാകൃത്തുമാണ് പൊലീസ് പിടിയിലായ സുനീർ. ഇയാളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മുക്കം എസ്.ഐ. കെ.പി.അഭിലാഷ്, എ.എസ്.ഐ ബേബി മാത്യു, സലീം മുട്ടത്ത്, പ്രശോഭ് മൂലാട്, ജില്ലാ ആന്റി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ ഷിബിൽ ജോസഫ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam