ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആളില്ലാതെ അതിഥി തൊഴിലാളി; എംഎല്‍എയുടെ പോസ്റ്റ് കണ്ട് ഓടിയെത്തി യുവാവ്

By Web TeamFirst Published Apr 5, 2020, 12:45 PM IST
Highlights

ഭാര്യ നേരത്തെ മരിച്ച മുത്തുവിന് രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ട്. എന്നാല്‍ ഇവരുമായി ബന്ധപ്പെടാന്‍ നമ്പര്‍ കൈവശമില്ലാത്തത് കാരണം ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആരുമുണ്ടായില്ല.
 

മലപ്പുറം: രോഗ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒറ്റപ്പട്ട അതിഥി തൊഴിലാളിയെ പരിചരിക്കാന്‍ മുന്നിട്ടിറങ്ങി യുവാവ്. കൊണ്ടോട്ടിയില്‍ വിറകുവെട്ട് ജോലിയെടുത്തു കഴിയുന്ന ഗൂഡല്ലൂര്‍ സ്വദേശി മരുതമുത്തു(65)വാണ് ആശുപത്രിയില്‍ ഒറ്റപ്പെട്ടുപോയത്. 

ഇതറിഞ്ഞ് ഓടിയെത്തിയത് വാഴക്കാട് ആക്കോട് സ്വദേശി കറുത്തേടത്ത് അര്‍ശദ് ഖാന്‍ ആണ്. കുറുപ്പത്തെ താമസസ്ഥലത്തുവച്ച് രണ്ട് ദിവസം മുമ്പാണ് മരുത മുത്തുവിന് പക്ഷാഘാതം വന്നത്. കൊണ്ടോട്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വളണ്ടിയര്‍ ഹംസയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

ഭാര്യ നേരത്തെ മരിച്ച മുത്തുവിന് രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ട്. എന്നാല്‍ ഇവരുമായി ബന്ധപ്പെടാന്‍ നമ്പര്‍ കൈവശമില്ലാത്തത് കാരണം ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആരുമുണ്ടായില്ല. വിഷയം ടി വി ഇബ്‌റാഹീം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ എംഎല്‍എ സമൂഹമാധ്യമങ്ങളില്‍ അതിഥി തൊഴിലാളിക്ക് കൂട്ടിരിക്കാന്‍ ആളെ കിട്ടുമോ എന്ന സന്ദേശം നല്‍കുകയായിരുന്നു. 

സന്ദേശം വായിച്ച അര്‍ശദ് ഖാന്‍ സ്വയം തയാറായി എംഎല്‍എയുമായി ബന്ധപ്പെട്ടു. എംഎല്‍എയുടെ സ്റ്റാഫ് അംഗംവും കണ്‍ട്രോള്‍ റൂം ഭാരവാഹിയുമായ കെ എം ഇസ്മായില്‍ ഉള്‍പ്പടെയുള്ളവരാണ് മരുത മുത്തുവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. സ്വന്തം കുടുംബാഗത്തെ പോലെയാന്ന് അര്‍ശദ് ഖാന്‍ മുത്തുവിനെ പരിചരിക്കുന്നത്. പല മരുന്നുകളും പുറത്തു നിന്നു വാങ്ങേണ്ടി വരുന്നതായി അര്‍ശദ് പറഞ്ഞു. 

ഹോട്ടലുകളില്ലാത്തതിനാല്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപതി വിടാനാകുമെന്നും അര്‍ശദ് ഖാന്‍ അറിയിച്ചു. കൊവിഡ് 19 കാലത്തും നിര്‍ഭയം ആശുപത്രിയില്‍ അതിഥി തൊഴിലാളിക്ക് കൂട്ടിരിക്കാന്‍ തയാറായ അദര്‍ശ് ഖാനെ എംഎല്‍എ അഭിനന്ദിച്ചു.

click me!