കാസർകോട്ട് ഥാർ ജീപ്പിൽ നടത്തിയ പരിശോധനയിൽ 10.10 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. വാഹനം കണ്ട് സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 

കാസർകോട്: എം.ഡി.എം.എ കൈവശം വെച്ച കേസിൽ രണ്ട് പേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയൽ ജിയോ പെട്രോൾ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. KL 60 T 0110 നമ്പർ ഥാർ ജീപ്പിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളെ സംശയത്തെ തുടർന്ന് പൊലീസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു. വാഹനത്തിന്റെ ഉൾവശം വിശദമായി പരിശോധിച്ചപ്പോഴാണ് പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂളിയങ്കാൽ സ്വദേശികളായ മുഹമ്മദ് സജ്ജാദ് അലി (28), സഫീർ ടി (38) എന്നിവരാണ് മയക്കുമരുന്ന് വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായത്. കൂളിയങ്കാൽ മുസ്ലീം ലീഗിന്റെ ബൂത്ത്‌ ലെവൽ ഭാരവാഹിയാണ് സഫീർ. മുഹമ്മദ് സജ്ജാദ് സജീവ മുസ്ലീം ലീഗ് പ്രവർത്തകനാണ്. പരിശോധനയിൽ രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന 10.10 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെത്തി. കൂടാതെ മൂന്ന് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ച സാധനങ്ങൾ, സിഗരറ്റ് പാക്കറ്റ്, ഥാർ ജീപ്പ് എന്നിവ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.