
തൃശൂർ: സ്പോൺസർ ചതിച്ചതിനെ തുടർന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ യുവതി നാട്ടിലെത്തി. മുവ്വാറ്റുപുഴ അണനെല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ ഹണിമോൾ ജോർജ്ജ് ആണ് ചൊവ്വാഴ്ച നാട്ടിലെത്തിയത്. ഈരാറ്റുപേട്ടയിലെ ഏജൻസി സ്ഥാപനം മുഖേനയാണ് ഒക്ടോബര്‍ 28 ന് ഹണിമോള്‍ കുവൈറ്റില്‍ ബ്യൂട്ടീഷൻ ജോലിക്ക് ജോലിക്ക് പോയത്.
കുവൈറ്റിലെത്തിയ യുവതിയെ ബ്യൂട്ടിഷൻ ജോലിയാണെന്ന് പറഞ്ഞ് വീട്ടു ജോലിക്കായി സ്പോണ്‍സര്‍ കൈമാറുകയായിരുന്നു. മൂന്ന് നില കെട്ടിടം മുഴുവൻ കഴുകി വൃത്തിയാക്കൽ ഉൾപ്പടെയായിരുന്നു ഹണിയുടെ ജോലി. ഇവിടെ ഫോൺ ചെയ്യാനോ ആരൊടെങ്കിലും സംസാരിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഇതിനിടയിൽ ഫെബ്രുവരി 28ന് സമീപത്തെ മുറിയിലെ മറ്റൊരു സ്ത്രീയുടെ ഫോണിൽ നിന്നും ബ്യൂട്ടീഷൻ അസോസിയേഷൻ സംഘടനാംഗങ്ങളുടെ ഗ്രൂപ്പിലേക്ക് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സന്ദേശം അയച്ചു.
തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെയും എംമ്പസിയുടെയും പ്രവാസി ഫെഡറേഷന്‍റേയും ഇടപെടലോടെ തിങ്കളാഴ്ച ഹണിയെ കുവൈറ്റിൽ നിന്നും രക്ഷപ്പെടുത്തി. ഇതിനിടയിൽ മുവ്വാറ്റുപുഴയിൽ ജോലി വാഗ്ദാനം നൽകി കൊണ്ടു പോയ ഏജൻസിക്കെതിരെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച നെടുമ്പാശേരിയിൽ ബ്യൂട്ടീഷൻ കോൺഫെഡറേഷന്‍റെ നേതൃത്വത്തിൽ ഹണിയെ വരവേറ്റു. ഭക്ഷണവും വിശ്രമവുമില്ലാത്തതിനാൽ ക്ഷീണിച്ച് അവശയായിരുന്നു ഹണി. ഇവരെ പ്രാഥമിക ചികിൽസക്ക് ശേഷം വീട്ടിലെത്തിച്ചു. കുവൈറ്റില്‍ പതിനാലോളം പേർ ഇപ്പോഴും വീട്ടുതടങ്കലിലുണ്ടെന്ന് ഹണി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam