
മലപ്പുറം: ഡോളര്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന വ്യാജ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പിടികൂടി. കോഴിക്കോട് പേരാമ്പ്ര പുത്തലത്ത് ജുനൈദിനെയാണ് (28) ഇന്‍സ്‌പെക്ടര്‍ ദീപകുമാറിന്റെ മേല്‍നോട്ടത്തില്‍ കോട്ടക്കല്‍ എസ്.ഐ റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഒക്ടോബര്‍ ഏഴിന് പറമ്പിലങ്ങാടിയിലായിരുന്നു സംഭവം. കേസില്‍ മൂന്നു പ്രതികളാണുള്ളത്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ മുഖ്യസൂത്രധാരനും ജുനൈദിന്റെ സഹോദരനുമായ ജവാദിനെ (24) അറസ്റ്റ് ചെയ്തിരുന്നു.മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. സംഭവ ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും കുടുംബവുമായി ബന്ധപ്പെടാതെയും കഴിഞ്ഞിരുന്ന പ്രതി ഇടുക്കിയില്‍ തങ്ങുന്നതായി രഹസ്യവിവരം ലഭിച്ചു.പ്രതി താമസിച്ചിരുന്ന ഒളിസങ്കേതത്തില്‍ പൊലീസ് എത്തിയെങ്കിലും തമിഴ്നാട് ഭാഗത്തേക്കുള്ള കാട്ടിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നെടുങ്കണ്ടം എസ്.ഐ മാജോ പി.മാണിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കളവ്, കൊലപാതകശ്രമം എന്നീ കേസുകളുമുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറിയിച്ചു.
മലപ്പുറം ഡി വൈ.എസ്. പി കെ. ബിജുവിന്റെ നിര്‍ദേശപ്രകാരം ജി.എസ്.ഐ സുരേഷ്‌കു മാര്‍, പൊലീസുകാരായ രാജേഷ് മഞ്ചേരി, ദീപു നിഷാന്ത്, കെന്‍സണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.