
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ, തലശ്ശേരി, പാനൂർ പറമ്പത്ത് വീട്ടിൽ ആഷിഫിനെയാണ് (46) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വർണം വിൽക്കാനായി ഏൽപ്പിച്ചത് ആഷിഫിനെയാണ്. സ്വർണക്കച്ചവടം നടത്തുന്നയാളാണ് ആഷിഫ്. ഇയാളിൽ നിന്ന് എണ്ണൂറ്റി അറുപത് ഗ്രാമോളം സ്വർണവും കണ്ടെടുത്തു.
ശനിയാഴ്ച രാവിലെ ഒമാനിൽ നിന്നും സ്വർണവുമായി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഹഫ്സൽ എന്നയാളെ ഒരു സംഘം ആളുകൾ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർമാരായ സോണിമത്തായി, വി.എസ്. വിപിൻ, എസ്.ഐ പി.പി.സണ്ണി, എ.എസ്.ഐ എം.എസ്.ബിജീഷ്, എസ്.സി.പി.ഒമാരായ യശാന്ത്, സന്ദീപ് ബാലൻ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്.
ചെന്നൈ ബാങ്കിലെ വൻ കവർച്ചക്ക് പിന്നിൽ ബാങ്കിലെ ജീവനക്കാരൻ വലവിരിച്ച് പൊലീസ്
ചെന്നൈ ചെന്നൈ നഗരത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ ജീവനക്കാരെ കെട്ടിയിട്ട് മുഖംമൂടി സംഘത്തിന്റെ കവർച്ചക്ക് പിന്നിൽ ബാങ്കിലെ ജീവനക്കാരനായിരുന്ന മുരുകനെന്ന് പൊലീസ്. മുരുകന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചെന്നൈ അരുമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ ബന്ദികളാക്കി, കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും മോഷ്ടാക്കൾ കവർന്നു. ശനിയാഴ്ച ഉച്ചയോടെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും കവരുകയായിരുന്നു. കവർച്ചക്ക് ശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ജീവനക്കാരെ ബന്ദികളാക്കിയത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. സുരക്ഷാ ജീവനക്കാരന് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതമാക്കിയതിന് ശേഷമായിരുന്നു കവർച്ച.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam