Crime News| ചികിത്സാ സഹായം വാഗ്ദാനം നൽകി പണം പിരിച്ച് മുങ്ങി: ഒരാൾ അറസ്റ്റിൽ

By Web TeamFirst Published Nov 14, 2021, 12:28 AM IST
Highlights

കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം വെച്ച്  ഫൈസൽ എന്ന ഓട്ടോ ഡ്രെവറുടെ കയ്യിൽ നിന്നും കുഞ്ഞുമോന്‍ മൂന്നര  പവൻ സ്വർണ്ണം തട്ടിയെടുത്തിരുന്നു. 

കോഴിക്കോട്:  ചികിത്സാ സഹായം വാഗ്ദാനം നൽകി  നിരവധിയാളുകളില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എടക്കര കൂവ്വക്കൂട്ട് കെ. കുഞ്ഞുമോനാണ് അറസ്റ്റിലായത്.  പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം നൽകാമെന്നും,  വിവാഹത്തിന് ആവശ്യമായ സ്വർണ്ണം വാങ്ങി , ബില്ലും സ്വർണ്ണവും കാണിച്ചാൽ മുഴുവൻ തുകയും നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ആളുകളിൽ നിന്ന് പണം തട്ടിയിരുന്നത്..

കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം വെച്ച്  ഫൈസൽ എന്ന ഓട്ടോ ഡ്രെവറുടെ കയ്യിൽ നിന്നും കുഞ്ഞുമോന്‍ മൂന്നര  പവൻ സ്വർണ്ണം തട്ടിയെടുത്തിരുന്നു.  ഫൈസലിന്‍റെ പരാതിയില്‍  നടക്കാവ് പൊലീസ്  കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ വെച്ച് കുഞ്ഞിമോനെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്, ഒറ്റപ്പാലം കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായി പരാതിയുണ്ട്. സലീം, ബഷീർ, റിയാസ് എന്നീ വ്യാജപേരുകളാണ് ഇയാൾ ആളുകളോട് പറയാറുണ്ടായിരുന്നത്.  തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ വരും ദിവസങ്ങളിൽ പൊലീസിനെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞുമോനെ കോഴിക്കോട് ജെ.എഫ്.സി.എം 4 കോടതിയിൽ ഹാജരാക്കി,  14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

 

click me!