
ചാരുംമൂട്: ആറു മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതി അറസ്റ്റിൽ. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് തെന്നാപ്പറമ്പ് സാജൻ ഭവനത്തിൽ സാജൻ ( 28 )നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിയായ 20 വയസുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് കേസ്. 2020 ജനുവരി മുതലാണ് പ്രതി യുവതിയെ പീഡനത്തിനിരയാക്കിയത്.
യുവതിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കി പ്രതി നിരന്തരം പ്രണയ അഭ്യർത്ഥന നടത്തുകയും വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം ഇയാൾ ഒഴിവാക്കിയതിനെ തുടർന്ന് പെൺകുട്ടി നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ആറു മാസക്കാലമായി വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച പ്രതിയെ സി ഐ പി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇയാൾ പുനലൂർ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് ഐ നിതീഷ്, ജൂനിയർ എസ് ഐ ദീപു പിള്ള, എസ് ഐ മാരായ രാജീവ്, രാജേഷ് , സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, റിയാസ്, വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ അബുദാബിയിൽ നിന്നും കേരള പൊലീസ് പിടികൂടി എന്നതാണ്. ഇന്റർപോളിന്‍റെ സഹായത്തോടെയാണ് കേരള പൊലീസ് പ്രതിയെ അബുദാബിയിൽ നിന്നു പിടികൂടിയത്. നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ ( 26 ) യാണ് കേരള പൊലീസ് യു എ ഇയിലെത്തി പിടികൂടിയത്.