
ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2024 മെയ് 10-നാണ് അനീഷ് ബാങ്കിലെത്തിയത്. 8.2 ഗ്രാം തൂക്കം വരുന്ന ആഭരണം പണയംവെച്ച് 39,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പിന്നീട് നടന്ന പരിശോധനയിലാണ് ഇത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് വ്യക്തമായത്. പലിശയുൾപ്പെടെ 46,672 രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് 2025ലും 2026ലും ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെയുടെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ ബി, എ എസ് ഐ വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി പി ഒ വിപിൻ ദാസ്, സുജിത്ത്, വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam